വെട്ടുകത്തിയുമായി എത്തിയ കള്ളന്മാരെ ചെരുപ്പും, കസേരയും എറിഞ്ഞു തിരികെയോടിച്ച് വയോധിക ദമ്പതിമാർ

ചെന്നൈ: കത്തിയുമായി കവർച്ച നടത്താനെത്തിയ രണ്ട് കള്ളന്മാരെ ചെരുപ്പും, കസേരയും വലിച്ചെറിഞ്ഞു തുരത്തിയോടിച്ച് വയോധിക ദമ്പതിമാർ. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിയില്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ദമ്പതിമാര്‍ ചേര്‍ന്ന് കള്ളന്മാരെ തുരത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

ഷണ്‍മുഖവേല്‍ എന്ന 70കാരന്റെയും 65കാരിയായ ഭാര്യ സെന്താമരൈയുടെയും ഫാം ഹൗസിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാർ പുറത്തിരിക്കുകയായിരുന്നു ഷണ്‍മുഖവേലിനെ പിന്നിൽ നിന്ന് തുണി കൊണ്ട് കഴുത്ത് മുറുക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്‍ദം കേട്ട് പുറത്തു വന്ന ഭാര്യ ചെരുപ്പുകൾ വലിച്ചെറിഞ്ഞു. തുടർന്ന് കള്ളന്റെ കയ്യിൽ നിന്നും വഴുതി മാറിയ ഷണ്‍മുഖവേലും പ്ലാസ്റ്റിക് കസേരയുപയോഗിച്ച് കള്ളന്മാരെ നേരിട്ടു.

സംഭവത്തില്‍ സെന്താമരൈയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. സെന്താമരൈയുടെ 33 ഗ്രാമിന്റെ സ്വര്‍ണമാല കള്ളന്മാര്‍ പൊട്ടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.