രാഹുലിനൊപ്പം സ്ഥലം പിടിക്കാൻ ചെന്നിത്തല ജിയും, മുല്ലപ്പള്ളി ജിയും; വയനാട് സന്ദർശനത്തിൽ രാഹുലിന് കിട്ടിയ നിവേദനകൾ പോയ പോക്ക്! ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്

വയനാട്: നന്ദി അറിയിക്കാനായി കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം ഇന്ന് മൂന്നാം ദിനമാണ്. അദ്ദേഹത്തെ കാണുവാനും അഭിവാദ്യമർപ്പിക്കാനും നിരവധി ജനങ്ങളാണ് ചുറ്റിനും കൂടുന്നതും. അദ്ദേഹത്തിന്റെ ഈ യാത്രയിലുടനീളം കേരളത്തിലെ കോൺഗ്രസ് നേതാക്കളും മുൻനിരയിൽ തന്നെ കൂടെയുണ്ട്. അദ്ദേഹത്തിന്റെ ഈ യാത്രയ്ക്കിടയിൽ നടന്ന കേൾക്കാൻ തികച്ചും ഒരു രസകരമായ സംഭവം മുൻ കെ എസ് യു നേതാവും, അഭിഭാഷകനും, വയനാട് മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുകയും ചെയ്ത ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരമാണ്-

“തുറന്ന വാഹനത്തിൽ രാഹുൽജി ജനങ്ങളെ കയ്യുയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങുന്നു. പരമ്പരാഗത സ്റ്റേജ് തള്ളുമായി നേതാക്കളും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും ഉൾപ്പെടെ മുൻപന്തിയിൽ തന്നെയുണ്ട്.

പ്രവർത്തകരുടെ ആവേശം കൂടിവന്ന് റോഡ് ബ്ലോക്കായപ്പോൾ രാഹുലിന്റെ വാഹനം വളരെ വേഗത കുറച്ചു..

അതേസമയം രാഹുലിന്റെ ഇടതു ഭാഗത്തായി നിൽക്കുകയായിരുന്ന ചെന്നിത്തല ജി രാഹുലിനോട് എന്തോ പറഞ്ഞുകൊണ്ട് വാഹനത്തിന്റെ ഇടതു ഭാഗത്തേക്ക് കൈചൂണ്ടി…

കാര്യം മനസിലായ രാഹുൽജി തനിക്ക് നേരെ നീട്ടിയ ഒരു നിവേദനം മേടിച്ച് തുറന്ന് വായിക്കാൻ ശ്രമിക്കുന്നു…

ഉടൻ മറ്റുചിലരും നിവേദനങ്ങൾ രാഹുലിന് നേരെ നീട്ടി…

രാഹുൽ അതും മേടിച്ചു. അപ്പോഴേക്കും കവറിൽ നിന്നും പുറത്തേടുത്ത ഒരു നിവേദനം രാഹുൽ വായിക്കാനൊരുങ്ങുന്നു…

പെട്ടന്ന് ചെന്നിത്തലാജി രാഹുലിനോട് സ്വകാര്യം പറയുന്നു.. ഉടൻ രാഹുൽ മുഴുവൻ നിവേദനങ്ങൾ ചെന്നിത്തലക്ക് നൽകുന്നു.
കിട്ടിയപാതി ചെന്നിത്തലാജി ആ നിവേദനങ്ങൾ പുറകിലേക്ക് നീട്ടി..

ഈ സമയം രാഹുലിന്റെ അടുത്ത് നിൽക്കാൻ പുറകിൽ നിന്ന് പെടാപാടുപെടുകയായിരുന്ന മുല്ലപ്പള്ളിജി ആ നിവേദനങ്ങൾ മനസ്സില്ലാമനസ്സോടെ മേടിച്ചു. ഇനിയാണ് രസം…

ചെന്നിത്തലയുടെയും രാഹുലിന്റെയും എസ്പിജിയുടെയും ഇടയിലുള്ള തൻറെ സ്ഥലം പോകാതിരിക്കാൻ ശ്രമിക്കുകയായിരുന്ന മുല്ലപ്പള്ളിജി കയ്യിൽ കിട്ടിയ നിവേദനങ്ങൾ എന്തുചെയ്യണം എന്നറിയാതെ സൈഡിൽ നിൽക്കുകയായിരുന്ന എസ്പിജിക്കാരന്റെ നേർക്ക് നീട്ടുന്നു… കറുത്ത കൂളിംഗ് ഗ്ളാസ്സും വെച്ച് മൂപ്പരോന്നു ഇരുത്തി നോക്കിയപ്പോൾ വേഗം കൈ പിൻവലിച്ച് നിവേദനങ്ങൾ പുറകിൽ നിന്ന ആർക്കോ കൈമാറി വീണ്ടും രാഹുലിനൊപ്പം നിൽക്കാനുള്ള തത്രപ്പാട്…

പറഞ്ഞുവന്നത് എത്ര ആശ്രദ്ധമായാണ് ജനങ്ങളുടെ ആവശ്യങ്ങൾ നേതാക്കൾ കയ്യൊഴിയുന്നത് എന്നതാണ്…

ഒരുപക്ഷേ കാർഷിക ലോൺ അടയ്ക്കാൻ സാധിക്കാതെ ജപ്തി നേരിടുന്ന താൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന കാര്യമാണ് അയാൾ അവസാന പ്രതീക്ഷ എന്ന നിലയിൽ തങ്ങളുടെ എംപിക്ക് മുന്നിൽ വെച്ചതെങ്കിലോ ? മരിച്ച് അയാളുടെ പതിനാറാടിയന്തരം കഴിഞ്ഞാൽപോലും ഇനിയാ നിവേദനം രാഹുൽജിയുടെ കൈകളിൽ ഈ ഉപചാപ വൃന്ദങ്ങൾ എത്തിക്കും എന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക് ?

കയ്യിൽ കിട്ടിയ ആ നിവേദനങ്ങൾ കിട്ടിയപാടെ ആരാ എന്താ എന്നൊന്നും നോക്കാതെ എസ് പി ജിക്ക് നേരെ നീട്ടിയ നേതാവിന്റെ ഉത്തരവാദിത്വം എത്രത്തോളമുണ്ട് ?

പൊതുസ്ഥലമായതുകൊണ്ടും, ആളുകളുള്ളത്കൊണ്ടുമല്ലേ ആ നിവേദനങ്ങൾ ചവറ്റുകുട്ടയിലേക്ക് പോകാത്തത്?

ചുട്ടയിലെ ശീലം ചുടലവരെ എന്നത് തന്നെയല്ലേ അതിന്റെ ദൃഷ്ട്ടാന്തം !!

ഒരുദിവസം കൂടി ഒട്ടപ്പാച്ചിൽ നടത്തി, നുറുക്കും, ചായയും കുടിച്ച് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങുന്ന രാഹുലിന് മുൻപിലേക്ക് ആരുടെ കയ്യിലാണ് കിട്ടിയത് എന്നതുപോലും വ്യക്തമല്ലാത്ത ജനങ്ങളുടെ പ്രതീക്ഷയെറിയ രക്തത്തിൽ ചാലിച്ചെഴുതിയ നിവേദനങ്ങൾ എത്താൻ യാതൊരു സാധ്യതയുമില്ല…

ആത്മാർത്ഥമായി ജനസേവനം നടത്തണം, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്നൊക്കെ എത്ര ആത്മാർത്ഥമായി രാഹുൽ ഗാന്ധി ആഗ്രഹിച്ചാൽപോലും അധികാരമോഹവും പെട്ടിതാങ്ങലും കൈമുതലാക്കി ഒപ്പമുള്ള ഉപചാപക വൃന്ദം രാഹുലിന്റെ വയനാടിനെ അടുത്ത അഞ്ച് വർഷങ്ങൾക്കൊണ്ട് മറ്റൊരു “അമേഠിയാക്കി” മാറിയാലും ഒട്ടും അതിശയോക്തി വേണ്ട !

ഇന്നലെ നടന്ന റോഡ്ഷോക്കിടെ രാജാവിനെക്കാൾ വലിയ രാജഭക്തോയോടെ വിധേയത്വം കാണിക്കാനായി “ഇന്ത്യയുടെ രാജകുമാരൻ” എന്ന് മൈക്കിലൂടെ രാഹുൽ ഗാന്ധിയെ സംബോധനചെയ്ത ആര്യാടൻ ഷൗക്കത്തിനെ അങ്ങനെ വിളിക്കരുതെന്ന് വിലക്കിയ രാഹുലിന്റെ പ്രവർത്തി അദ്ദേഹത്തിന്റെ വിവേകവും, ആത്മാർത്ഥതയും വ്യക്തമാക്കുന്നു. എന്നാൽ ഇത്തിൾക്കണ്ണികളായ ഖാദർധരികൾ നട്ടെല്ല് വളച്ചു വളച്ചു അദ്ദേഹത്തെ സാധാരണ ജനങ്ങളിൽ നിന്നും അകറ്റും എന്നതിൽ സംശയമില്ല.”