ശാസ്ത്രിഭവന്‍ തീപിടിത്തത്തില്‍ മോദിക്കെതിരെ രാഹുല്‍ ‘കത്തിനശിച്ച ഫയലുകള്‍ നിങ്ങളെ രക്ഷിക്കില്ല

ഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത് ട്വീറ്ററിലൂടെയാണ്. കത്തിനശിച്ച ഫയലുകള്‍ ഒന്നും തന്നെ താങ്കളെ രക്ഷിക്കാന്‍ പോകുന്നില്ലെന്നായിരുന്നു മോദിയെ ഉദ്ധരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു-‘മോദി ജീ, കത്തിനശിച്ച ഫയലുകള്‍ ഒന്നും തന്നെ നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല. താങ്കളുടെ വിധി എഴുതുന്ന ദിവസം വരും’.

നിരവധി സര്‍ക്കാര്‍ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണ് ശാസ്ത്രിഭവന്‍. ശാസ്ത്രിഭവന്റെ ഏഴാം നിലയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. മാനവവിഭവശേഷി മന്ത്രാലയവും വാര്‍ത്താവിതരണ മന്ത്രാലയവും അടക്കം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഏഴ് ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.