ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍

പാറ്റ്‌ന: ബീഹാറില്‍ അധികാരത്തില്‍ എത്തിയാല്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും തൊഴിലില്ലാത്തവര്‍ക്ക് മാസം 1500 രൂപ തൊഴിലില്ലായ്മ വേതനവും ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. കാര്‍ഷിക കടം എഴുതിത്തള്ളുമെന്നും കര്‍ഷകരുടെ വൈദ്യുതബില്ലില്‍ 50 ശതമാനം ഇളവ് നല്‍കുമെന്നും കേന്ദ്രം കൊണ്ടു വന്ന മൂന്ന് പുതിയ കര്‍ഷക ബില്ലിനെ എതിര്‍ക്കുമെന്നുമാണ് പ്രകടന പത്രികയില്‍ പറയുന്നത്.ദേശീയ ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടേയും തരീഖ് അന്‍വറിന്റെയും ബിഹാര്‍ ചുമതലയുള്ള ശക്തി സിംഗ് ഗോഹിലിന്റെയും സാന്നിദ്ധ്യത്തില്‍ പാര്‍ട്ടിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയ സദാഖത്ത് ആശ്രമത്തില്‍ ‘ബാദ്‌ലാവ് പത്ര 2020’ എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കിയത് മുന്‍ ബോളിവുഡ് താരവും രാഷ്ട്രീയക്കാരനുമായ രാജ് ബാബ്ബറാണ്. ആര്‍ജെഡിയും ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ 70 സ്ഥാനാര്‍ത്ഥികളാണ് 243 സീറ്റുകളിലായി മത്സരിക്കുന്നത്. 144 സീറ്റുകളില്‍ ആര്‍ജെഡിയും 19 സീറ്റുകളില്‍ സിപിഎംഎല്ലും ആറ് സീറ്റുകളില്‍ വീതം സിപിഎമ്മും സിപിഐയും മത്സരിക്കും.