‘സാജന്റെ മരണത്തിന് കാരണം ഓഡിറ്റോറിയത്തിനു നഗരസഭ അനുമതി നല്‍കാത്തത്’- സാജന്റെ ഭാര്യ; സംഭവത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി- മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതെ സമയം സാജന്റെ മരണത്തിനു കാരണം ആന്തൂര്‍ നഗരസഭ ഓഡിറ്റോറിയത്തിനു അനുമതി നല്‍കാത്തതാണെന്ന് കൊല്ലപ്പെട്ട സാജന്റെ ഭാര്യ.

കഴിഞ്ഞ കുറെ ദിവസമായി ഭര്‍ത്താവ് മാനസിക വിഷമത്തിലായിരുന്നു. ഓഡിറ്റോറിയത്തിന്‌ അനുമതി നല്‍കില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും ബീന ആരോപിക്കുന്നു. അനുമതി കൊടുക്കാതിരുന്നത് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ വ്യക്തിവൈരാഗ്യം മൂലമാണ്. അനുകൂല നിലപാടെടുക്കാമെന്ന് പി ജയരാജനും പറഞ്ഞിരുന്നുവെന്ന് സാജന്റെ ഭാര്യ പറഞ്ഞു.

സിപിഎമ്മിന് സർവ്വാധിപത്യമുള്ള ആന്തൂരിൽ പാർട്ടി നടത്തിയ കൊലപാതകമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആന്തൂർ മുനിസിപ്പാലിറ്റിയിലെ ബക്കളത്ത് പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. 15 കോടി മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്‍റർ പൊളിച്ച് നീക്കാനുള്ള നഗരസഭയുടെ നിർദ്ദേശത്തിൽ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തത്. ടൗൺപ്ലാനിങ് ഓഫീസറുടെയും എഞ്ചിനീയറുടെയും റിപ്പോർട്ട് മറികടന്നാണ് അനുമതിയും കെട്ടിട നമ്പറും നിഷേധിച്ചത്.

എന്നാല്‍, പ്രവാസിയോട് രാഷ്ട്രീയ വിവേചനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീൻ വിശദീകരിച്ചു. ചട്ടലംഘനമോ അനുമതി നൽകാൻ കാലതാമസമോ ഉണ്ടായോയെന്ന് ചീഫ് ടൗൺ പ്ലാനറും നഗരകാര്യ റീജനൽ ഡയറക്ടറും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോപണം ശരിയെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ അറിയിച്ചു.

ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. 15 വര്‍ഷമായി നൈജീരിയയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. 15കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയായ ശേഷം പ്രവര്‍ത്തനാനുമതിയ്ക്കായി അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു സാജന്‍.