എല്ലാ നഷ്ട്ടങ്ങളെയും നമുക്ക് ഒരുമിച്ച് അതിജീവിക്കാം- മുഖ്യമന്ത്രി

വയനാട്: പ്രളയവും, ഉരുൾപൊട്ടലും ഉണ്ടാക്കിയ നാശനഷ്ട്ടങ്ങളെ ഒരുമിച്ച് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായുരുന്നു അദ്ദേഹം. എല്ലാ കാര്യത്തിനും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ കാണാതായ കുറച്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനുള്ള ശ്രമം നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും. എല്ലാത്തിന്റെയും ഒപ്പമുണ്ടാകും. എല്ലാത്തരത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനോടൊപ്പം നിന്നുതന്നെ സര്‍ക്കാര്‍ നേതൃത്വം കൊടുക്കും.

ദുരന്തത്തെ തുടര്‍ന്ന് സ്ഥലം പോയവരുണ്ട്, സ്ഥലവും വീടും പോയവരുണ്ട്. കൃഷിനാശം സംഭവിച്ചവരുണ്ട്. വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചവരുണ്ട്. വീടുകളില്‍ വെള്ളം കയറിയും ചെളികെട്ടിനില്‍ക്കുന്നതുമായ പ്രശ്‌നങ്ങളുമുണ്ട്. എല്ലാ കാര്യങ്ങളും നമുക്കൊന്നിച്ചു നിന്നുകൊണ്ട് നേരിടാം. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നമുക്കൊന്നിച്ചു നിന്നുകൊണ്ട് അതിജീവിക്കാം- മുഖ്യമന്ത്രി പറഞ്ഞു.