പാർട്ടിയെ രണ്ടു വർഷം നയിക്കാം; രാഹുലിന് മുന്‍ ഒളിമ്പ്യന്റെ കത്ത്

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുമ്പോൾ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മുന്‍ ഒളിമ്പ്യന്‍ അസ്‍ലം ഷേര്‍ ഖാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മെയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാം എന്നാണ് കത്തില്‍ നിര്‍ദേശമായി വെച്ചിരിക്കുന്നത്‌. 1997 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഷേര്‍ ഖാന്‍ രണ്ട് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി. എന്നാല്‍ കഴിഞ്ഞകുറേ നാളുകളായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുമായി അകന്ന് കഴിയുകയായിരുന്നു.

1975 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമാണ് 65 കാരനായ ഒളിംപ്യന്‍ അസ് ലം ഷേര്‍ ഖാന്‍. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോക്കി ടീം അംഗമായി പങ്കെടുത്തിട്ടുണ്ട്.