നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും കൈ ഞരമ്ബുകളും മുറിക്കാനാകില്ലെന്ന് ഭര്‍തൃ പിതാവ്

തിരുവനന്തപുരം: കല്ലമ്ബലത്ത് ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്ബുകളും മുറിക്കാനാകില്ലെന്നും, സംശയങ്ങള്‍ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കല്ലമ്ബലം മുത്താന ഗുരുനഗര്‍ സുനിത ഭവനില്‍ ആതിരയെ (24) ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ആതിരയുടെ ഭര്‍ത്താവ് ശരത്ത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പിതാവിനൊപ്പം ആശുപത്രിയില്‍ പോയിരുന്നു. പതിനൊന്ന് മണിയോടെ ആതിരയുടെ അമ്മ ശ്രീന വീട്ടില്‍ വന്നപ്പോള്‍ കതകു തുറന്നു കിടന്ന നിലയിലായിരുന്നു. ആതിരയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ശരത്തിനെ ഫോണില്‍ ബന്ധപ്പെട്ടു.
ഒടുവില്‍ ശരത്ത് എത്തി വീട് പരിശോധിച്ചപ്പോഴാണ് ശുചിമുറി അകത്തു നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി കണ്ടെത്തിയത്. വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് ആതിരയെ കണ്ടെത്തിയത്. സമീപത്തു നിന്ന് കത്തിയും കണ്ടെടുത്തു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് ആതിരയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.