മകളുടെ കല്യാണത്തിനായി നളിനിക്ക് ആദ്യമായി ഒരു മാസത്തെ പരോള്‍

നളിനി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ നളിനിക്ക് മകളുടെ വിവാഹത്തിനായി കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചിരിക്കുകയാണ്. കഴിഞ്ഞ 27 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ് നളിനിയും ഭർത്താവ് മുരുകനും. എന്നാല്‍, അച്ഛന്‍ മുരുകന്‍ പരോള്‍ അപേക്ഷ നല്‍കിയില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷയനുഭവിച്ച തടവുകാരിയായ നളിനിക്ക് 27 വർഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 3 വർഷം മുൻപ് 12 മണിക്കൂർ പരോൾ ലഭിച്ചിരുന്നു.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്ന അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍.ടി.ടിയുടെ ചാവേര്‍ ബോംബാക്രമണത്തിലാണ് വധിച്ചത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. രാജീവ് വധക്കേസില്‍ പിടിയിലാകുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. ജയിലില്‍ വച്ചാണ് മകളെ പ്രസവിച്ചത്. മകൾ ഡോക്ടര്‍ അരിത്ര ഇന്ന് അമ്മൂമ്മയോടും അപ്പൂപ്പനോടും ഒപ്പം ലണ്ടനിലാണ് താമസിക്കുന്നത്. ആദ്യത്തെ നാലുവര്‍ഷം കുട്ടി ജയിലില്‍ അമ്മയോടൊപ്പം തന്നെയായിരുന്നു. പിന്നീട് കോയമ്പത്തൂരില്‍ സ്‌കൂളില്‍ ചേര്‍ത്തു. പിന്നീട് മുത്തശ്ശിയും മുത്തച്ഛനും ശ്രീലങ്കയിലേക്ക് അരിത്രയെ കൊണ്ടുപോയി.

അവിടെ നിന്നാണ് അവര്‍ ലണ്ടനിലേക്ക് താമസം മാറ്റിയത്.ഇപ്പോൾ മകളുടെ കല്യാണമാണ്. അതിനായാണ് നളിനി പരോൾ തേടിയത്.വേറെ അഭിഭാഷകരെ ഒന്നും വെയ്ക്കാതെ നളിനി തന്നെയാണ് മദ്രാസ് ഹൈക്കോടതിയില്‍ പരോളിനുവേണ്ടി വാദിച്ചത്.

അവര്‍ വികാരാധീനയായി കോടതിയിൽ പറഞ്ഞത് ‘ മകളെ പ്രസവിച്ചതു ജയിലിലാണ്. മകളെ നെഞ്ചോട് ചേര്‍ത്തു വളര്‍ത്താനുള്ള ഭാഗ്യം അമ്മയെന്ന നിലയില്‍ തനിക്ക് ലഭിച്ചില്ല. അവളുടെ കല്യാണം നടത്തിക്കൊടുക്കാനുള്ള അവകാശമെങ്കിലും തരണമെന്ന കോടതിയിൽ നളിനി അവകാശപ്പെട്ടിരുന്നു.’

27 വര്‍ഷത്തെ തന്റെ തടവിനൊപ്പം പ്രായമുള്ള മകള്‍ക്ക് ഒരു വരനെ കണ്ടെത്തി കല്യാണം നടത്തിക്കൊടുക്കാന്‍ ആറുമാസത്തെ പരോളാണ് ചോദിച്ചത്. പ്രോസിക്യൂഷന്‍ അതിനെ എതിര്‍ത്തു. ഒരു മാസത്തില്‍ കൂടുതല്‍ കൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വധശിക്ഷക്ക് വിധിക്കപ്പെട്ട നളിനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തമായി കുറച്ചതു മാത്രമല്ല, രാജീവിന്റെ മകള്‍ പ്രിയങ്കാ ഗാന്ധി ജയിലിലെത്തി നളിനിയെ സന്ദര്‍ശിച്ചതും ആശ്ലേഷിക്കുകയും മാപ്പ് കൊടുത്തതും വലിയ വാര്‍ത്തയായിരുന്നു. തന്റെ അച്ഛനെയാണ് കൊന്നതെങ്കിലും അക്രമത്തിനുള്ള മറുപടി അക്രമമല്ല, അഹിംസയാണ് എന്നു പറഞ്ഞാണ് അന്ന് പ്രിയങ്ക മാപ്പ് നല്‍കിയത്.