നിപ: നാലുപേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും; ചികിത്സയിലുള്ള യുവാവിന്റെ നില തൃപ്തികരം

കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗി റിബാവൈറിന്‍ മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള നാല് പേരുടെ സാംപിള്‍ പരിശോധനാഫലം പൂണെയില്‍ നിന്നും ഇന്ന് ലഭിക്കും.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നയോഗം കൊച്ചിയിലാണ് ചേരുക. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.

ഏഴ് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കോതമംഗലം സ്വദേശിയായ യുവതിയെ കൂടി ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇവരില്‍ നാല് പേരുടെ രക്തവും ശരീര സ്രവങ്ങളുടേയും പരിശോധനഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവരില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതിനാല്‍ തന്നെ പൂണെയില്‍ നിന്നുള്ള പരിശോധനഫലവും നെഗറ്റീവ് ആയിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. ഇവയില്‍ മൂന്ന് പേര്‍ ഇപ്പോള്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയെ പരിചരിച്ച നേഴ്‌സുമാരാണ്. രണ്ട് പേരുടെ സാംപിള്‍ ഇന്നലെയാണ് പരിശോധനയ്ക്കായി അയച്ചത്.

റിബാവൈറിന്‍ മരുന്ന് മാത്രമാണ് ചികിത്സയിലുള്ള രോഗിക്ക് ഇതുവരെ നല്‍കിയിരുന്നത്. നിപ ചികിത്സയ്ക്കുള്ള ഹ്യൂമണ്‍ മോണോക്ലോണല്‍ എന്ന മരുന്ന് പൂണെയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിരുന്നുവെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല. ചികിത്സയിലുള്ള രോഗിയുടെ നില വഷളാവുന്ന സാഹചര്യത്തില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കേണ്ടതുള്ളൂവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. നിലവില്‍ ഇത് ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വാടകവീടിന്റെ സമീപത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തി. കിണറിലോ വീടിന്റെ പരിസരത്തോ വവ്വാല്‍ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഇവിടെ പനി സര്‍വ്വേ നടത്തിയിരുന്നുവെങ്കിലും ആര്‍ക്കും പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. നിപ വൈറസ് ഉറവിട പരിശോധനയ്ക്കുള്ള പ്രത്യേക സംഘം ഇന്നോ നാളെയോ എത്തും.