72,190 രൂപയിൽ പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബ് വിപണിയില്‍

പിയാജിയോയുടെ പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 72,190 രൂപയാണ് പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബിന്റെ എക്‌സ്‌ഷോറൂം പിയാജിയോ നിരയിലെ ഏറ്റവും കുറവ് വിലയുള്ള സ്‌കൂട്ടറായിരിക്കും വെസ്പ അര്‍ബന്‍ ക്ലബ്ബ്.

രാജ്യത്തുടനീളമുള്ള പിയോജിയോ, അപ്രീലിയ ഷോറൂമുകളിലൂടെയായിരിക്കും വെസ്പ അര്‍ബന്‍ ക്ലബ്ബിന്റെ വില്‍പ്പന. കമ്പനിയുടെ നോട്ടെ എഡിഷനുമായാണ് പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബ് മെക്കാനിക്കല്‍ വശങ്ങള്‍ പങ്കിടുന്നത്. മുന്നില്‍ സിംഗിള്‍ സൈഡ് ആം യൂണിറ്റും പിന്നില്‍ ഡ്യുവല്‍-ഇഫക്റ്റ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. 150 mm ഡ്രം ബ്രേക്കുകള്‍ മുന്നിലും 140 mm ഡ്രം ബ്രേക്കുകള്‍ പിന്നിലും ബ്രേക്കിംഗ് സംവിധാനം നിയന്ത്രിക്കും.

സ്‌കൂട്ടറില്‍ സിബിഎസ് സുരക്ഷ കമ്പനി ഉറപ്പുവരുത്തിയിരിക്കുന്നു. കമ്പനിയുടെ മറ്റു സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താനായി ബ്ലാക്ക്ഡ് ഔട്ട് തീമിലാണ് സ്‌കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്. റിയര്‍ വ്യു മിററുകള്‍, ബ്രേക്ക് ലെവറുകള്‍, സസ്‌പെന്‍ഷന്‍, ഗ്രാബ് റെയില്‍, വീലുകള്‍ എന്നിവയില്‍ ആ ബ്ലാക്ക്ഡ് ഔട്ട് തീം വ്യക്തമായി കാണാം. സുഖകരമായ റൈഡ് പ്രദാനം ചെയ്യുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സീറ്റാണ് അര്‍ബന്‍ ക്ലബ്ബിന്റെ മറ്റൊരു പ്രത്യേകത.

വെസ്പ നിരയിലെ സ്‌കൂട്ടറുകള്‍ക്കുള്ള മൊബൈല്‍ കണക്ടിവിറ്റി ഓപ്ഷന്‍ അര്‍ബന്‍ ക്ലബ്ബിനും കമ്പനി നല്‍കിയിരിക്കുന്നു. സര്‍വ്വീസ് ബുക്കിംഗ്, നാവിഗേഷന്‍, പാനിക് അലര്‍ട്ട്, പര്‍ച്ചേസുകള്‍ക്ക്, പരാതി അറിയിക്കുന്നത് മുതലായ കാര്യങ്ങള്‍ക്ക് കണക്ടിവിറ്റി ഓപ്ഷന്‍ സഹായകമാവും. പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബിലെ 125 സിസി ശേഷിയുള്ള എഞ്ചിന്‍ 7250 rpm -ല്‍ 9.5 bhp കരുത്തും 6,250 rpm -ല്‍ 9.9 Nm torque ഉം പരമാവധി കുറിക്കും. സിവിടി ഗിയര്‍ബോകസാണ് സ്‌കൂട്ടറിലുള്ളത്.