സക്കീര്‍ നായിക്കിനെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

കോലാലംപൂര്‍: വിവാദ മതപ്രഭാഷകനായ സക്കീര്‍നായിക്കിനെ നാടുകടത്തുന്നില്ലെന്ന അറിയിപ്പുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്. സക്കീര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ഔദ്യോഗികമായി മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നതിന് പിന്നാലെയാണ് മഹാതിര്‍ മൊഹമ്മദ് തന്റെ നിലപാട് അറിയിച്ചത്.

സക്കീര്‍ നായിക്ക് മലേഷ്യയില്‍ ഒരു പ്രശ്നക്കാരനല്ലെന്നും മലേഷ്യയില്‍ അംഗീകൃത സ്ഥിരതാമസക്കാരനായ അദ്ദേഹത്തെ തിരിച്ചയക്കില്ലെന്നും മഹാതിര്‍ മൊഹമ്മദ് കോലലംപൂരില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയും മലേഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ നിലവിലുള്ള കരാര്‍ അനുസരിച്ച് സക്കീര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു്.

ഇതിന് പിന്നാലെ സക്കീര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നേരിട്ട് വ്യക്തമാക്കുകയായിരുന്നു. സക്കീര്‍ ഇന്ത്യയിലേക്ക് വരുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ സക്കീര്‍ നായിക് നിഷേധിച്ചിരുന്നു. 2016 ല്‍ ജനങ്ങളെ ഭീകരവാദത്തിലേക്ക് തിരിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ഇന്ത്യയില്‍ സക്കീര്‍ നായിക്കിനെതിരെ നടപടികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് മലേഷ്യയിലേയ്ക്ക് കടന്നതാണ് സക്കീര്‍ നായിക്.