കേരളത്തിൽ കാലവർഷം എത്തി; നാലു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും ഒരാഴ്ച വൈകി കാലവര്‍ഷം ശനിയാഴ്ച കേരളത്തിലെത്തിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്‍സൂണ്‍ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹോപാത്ര അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 9, 10, 11 തീയതികളില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം സംസ്ഥാനത്തെ 14 മഴ മാപിനികളില്‍ തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മി.മിറ്ററില്‍ അധികം മഴ രേഖപ്പെടുത്തണമെന്നാണ് കാലവര്‍ഷ പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം. ഇത് അംഗീകരിച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം കാലവര്‍ഷത്തിന്‍റെ വരവ് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നു. ജാഗ്രത പാലിക്കാനും ക്യാമ്പുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെ മുന്നൊരുക്കം നടത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, മാലദ്വീപ് ഭാഗങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാന്നാര്‍ കടലിടുക്കിലും ഈ ദിവസങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അറബിക്കടലില്‍ മധ്യപടിഞ്ഞാറന്‍ ഭാഗത്തായി ഞായറാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് അനുകൂലമാണ്. കേരള-കര്‍ണാടക തീരക്കടലില്‍ തീരത്തുനിന്നകന്ന് വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ന്യൂനമര്‍ദം നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതു വടക്കന്‍ സംസ്ഥാനങ്ങളിലേക്കു കാലവര്‍ഷത്തെ നയിക്കുമെന്നാണ് കരുതുന്നത്.