മോദി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി; ഇനി പ്രധാന മന്ത്രിയായതിന് ശേഷമുള്ള ആദ്യത്തെ പൊതുയോഗത്തിലേക്ക്

തൃശൂര്‍: കേരളത്തിലെത്തിയ പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രസന്ദർശനം നടത്തി. ക്ഷേത്ര ദര്‍ശനത്തിനെത്തിയത് കേരളീയ വേഷത്തിൽ. മുണ്ടും മേൽമുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തിൽ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ വന്നിറങ്ങിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തിയ ശേഷമാണ് മോദി ക്ഷേത്രത്തിലെത്തിയത്.

ഇത് രണ്ടാം തവണയാണ് മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നത്. 2008 ല്‍ രണ്ടാം തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോഴാണ് മോദി നേരത്തെ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രത്തിലെത്തിയ മോദിയെ പൂര്‍ണകുംഭം നല്‍കിയാണ് കീഴ്ശാന്തിമാര്‍ സ്വീകരിച്ചത്. കദളിക്കുലയും നെയ്യും മഞ്ഞപ്പട്ടും മോദി ക്ഷേത്രത്തില്‍ സമർപ്പിച്ചു. താമരയില്‍ തുലാഭാരവും നടത്തി. ഇതിനായി 112 കിലോ താമര പൂക്കളാണ് ക്ഷേത്രത്തിലെത്തിച്ചത്. ഒരു മണിക്കൂർ ക്ഷേത്ര ദർശനം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വളരെ പെട്ടന്ന് ദർശനം അദ്ദേഹം പൂർത്തിയാക്കി.

രാവിലെ ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചിയിലും ഗുരുവായൂരിലും ഒരുക്കിയിട്ടുള്ളത്.

11.30 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്.