വട്ടിയൂ‍ർക്കാവിൽ എൽഡിഎഫിന് ചരിത്ര വിജയം; വികെ പ്രശാന്തിന് 14251 ഭൂരിപക്ഷത്തിന് വിജയിച്ചു

തിരുവനന്തപുരം: വട്ടിയൂ‍ർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാ‍ർത്ഥി വികെ പ്രശാന്തിന് ചരിത്ര വിജയം. 14251 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം സ്വന്തമാക്കിയത്. പാ‍ർട്ടിയും മുന്നണിയും സ്ഥാനാർ‍ത്ഥിയും കണക്കുകൂട്ടിയതിനേക്കാൾ തിളക്കമാ‍ർന്ന ഭൂരിപക്ഷത്തോടെയാണ് വിജയം.

രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോൺഗ്രസ് സ്ഥാനാ‍ർത്ഥി ‍ഡോ കെ മോഹൻകുമാ‍ർ പരാജയം വോട്ടെണ്ണലിന്റെ ആദ്യസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ സമ്മതിച്ച സ്ഥിതിയുമുണ്ടായി.

മൊത്തം 169 ബൂത്തുകളിലെ 140 ബൂത്തുകളിൽ നിന്നുള്ള വോട്ടെണ്ണിയപ്പോൾ 46067 വോട്ടാണ് വികെ പ്രശാന്തിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാ‍ർത്ഥി ഡോ കെ മോഹൻകുമാറിന് 33720 വോട്ട് ലഭിച്ചു. ബിജെപി സ്ഥാന‍ാർത്ഥി അഡ്വ എസ് സുരേഷിന് ആകെ 24490 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇക്കുറി പ്രശാന്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

മണ്ഡലം രൂപീകരിച്ച ശേഷം 2011 ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ മുരളീധരനാണ് ഇവിടെ വിജയിച്ചത്. ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാ‍ർത്ഥി ചെറിയാൻ ഫിലിപ്പിനെ 16000 ത്തോളം വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ഇദ്ദേഹം ജയിച്ചത്. എന്നാൽ 2016 ൽ ബിജെപി കുമ്മനം രാജശേഖരനെ സ്ഥാനാ‍ർത്ഥിയാക്കിയതോടെ മത്സരം കടുത്തു. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇതോടെ രണ്ടാം സ്ഥാനത്തേക്ക് വന്നു. അയ്യായിരം വോട്ട് ഭൂരിപക്ഷത്തിൽ കെ മുരളീധരൻ വിജയിക്കുകയായിരുന്നു.

എന്നാൽ 2019 ൽ എത്തിയപ്പോൾ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താൻ മേയർ‍ എന്ന നിലയിൽ വികെ പ്രശാന്തിന്റെ പ്രതിച്ഛായ വളരെയേറെ ഗുണം ചെയ്തു. മുൻപ് തിരുവനന്തപുരം കോ‍ർപ്പറേഷന്റെ കഴക്കൂട്ടം വാർ‍ഡിലും യുഡിഎഫിനും ബിജെപിക്കും ഞെട്ടിക്കുന്ന പ്രഹരം നൽകിയാണ് വികെ പ്രശാന്ത് ജയിച്ചത്. 3327 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം അന്ന് നേടിയത്. ഇത് തിരുവനന്തപുരം കോ‍ർപ്പറേഷന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയ‍ർന്ന ഭൂരിപക്ഷമാണ്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റംഗം, സിപിഎം കഴക്കൂട്ടം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവ‍ർത്തിക്കുന്നതിനിടെയാണ് മേയ‍ർ സ്ഥാനം വികെ പ്രശാന്തിനെ തേടിയെത്തിയത്.