ചെങ്ങന്നൂർ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായിട്ടാണ് ജനനം. എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്‍റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിക്ക് കെ കെ.രാമചന്ദ്രൻ നായർ നേതൃത്വം നല്‍കി. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ 7983 വോട്ടുകള്‍ക്ക് പി സി വിഷ്ണുനാഥിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.