മാപ്പിളപ്പാട്ട് ഗായകന്‍ എം. കുഞ്ഞിമൂസ അന്തരിച്ചു

കോഴിക്കോട്: പഴയകാല മുന്‍നിര മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം. കുഞ്ഞിമ്മൂസ അന്തരിച്ചു. 90വയസ്സായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലില്‍ കുടുംബാംഗമാണ്. വടകര മൂരാടാണ് താമസം. ഖബറടക്കം വൈകുന്നേരം വടകരയില്‍.

1970 മുതല്‍ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ‘കതിര്‍ കത്തും റസൂലിന്റെ’, ‘യാ ഇലാഹീ’, ‘ഖോജരാജാവേ’, ‘ദറജപ്പൂ’ തുടങ്ങി പാട്ടുകളിലൂടെ ശ്രദ്ധേയനായി. ഹിറ്റായ നൂറുകണക്കിന് പാട്ടുകള്‍പാടിയിട്ടുണ്ട്. ആകാശവാണിയിലെ സ്ഥിരം ഗായകനായിരുന്നു.

തലശ്ശേരിയില്‍ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ, പ്രശസ്ത സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ പിന്തുണയോടെ ഗാനമേഖലയില്‍ സജീവമാവുകയായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.