കെ.എം. ഷാജിയുടെ വീട് പൊളിക്കാന്‍ കോര്‍പ്പറേഷന്‍ ഉത്തരവ്; 3200 ചതുരശ്രയടിയില്‍ നിര്‍മ്മിക്കാനുള്ള അനുമതിയില്‍ നിര്‍മ്മിച്ചത് 5500 ചതുരശ്രയടി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എം എല്‍ എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്. കെട്ടിടനിര്‍മ്മാണച്ചട്ടം ലംഘിച്ചു എന്നുകാണിച്ചാണ് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയത്. അനുവദിച്ച അളവിലും കൂടുതലാണ് വീടിന്റെ വിസ്തീര്‍ണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞദിവസം കോര്‍പ്പറേഷന്‍ അധികൃതര്‍ ഷാജിയുടെ വീട് അളന്നിരുന്നു.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സാമ്ബത്തിക സ്രോതസ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്.കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം ഷാജി എം.എല്‍.എയുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്.
3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍ നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണം വീടിന് ഉണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്ബര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധിക നിര്‍മ്മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷാജിയുടെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം മാലൂര്‍കുന്നിന് സമീപത്തെ വീട് അളന്നത്. അനധികൃതമായി സ്വത്ത് സമ്ബാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡി നിര്‍ദേശിച്ചത്.