പാലാ സീറ്റിന്റെ കാര്യത്തില്‍ ബലം പിടിക്കില്ലെസ് ജോസ് പറഞ്ഞിട്ടുണ്ട്; ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രിയും : നിലപാട് വ്യക്തമാക്കി മാണി സി കാപ്പന്‍

കോട്ടയം: പാലാ സീറ്റിന്റെ കാര്യത്തില്‍ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്നും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് എന്‍ സി പി നേതാവും എം എല്‍ എയുമായ മാണി സി കാപ്പന്‍. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ജോസ് വിഭാഗം ഇടതുമുന്നണിയോട് അടുക്കുന്ന ഘട്ടത്തില്‍ എന്തുവന്നാലു പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ പരസ്യമായി പറഞ്ഞിരുന്നു. ഒരുവേള അദ്ദേഹം യു ഡി എഫിനോട് അടുക്കുകയാണെന്നും പ്രചാരണമുണ്ടായിരുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാന്‍ തീരുമാനിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍.ഇടതു മുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷിയാണ് ജോസ് വിഭാഗം.
ഇന്നലെ നടന്ന യോഗത്തില്‍ ആമുഖമായി കണ്‍വീനര്‍ എ വിജയരാഘവനാണ് കേരള കോണ്‍ഗ്രസ്എം യു ഡി എഫ് വിട്ട് എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. അവരുടെ കത്ത് ലഭിച്ച സാഹചര്യത്തില്‍ ഘടകകക്ഷികള്‍ അഭിപ്രായം വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. യു ഡി എഫിനെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും വ്യക്തമാക്കി.