ജെ.സി ഡാനിയേൽ പുരസ്‌ക്കാരത്തിന് നടി ഷീല അർഹയായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേല്‍ പുരസ്ക്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ പുരസ്‌ക്കാരത്തിനാണ് നടി ഷീല അർഹയായത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് അവാര്‍ഡ്.

2019 ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ സമ്മാനിക്കും.പ്രശസ്ത സംവിധായകന്‍ കെ എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍,സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 2016ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017ല്‍ ശ്രീകുമാരന്‍ തമ്പിക്കുമാണ് ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്.