ബുറേവി ചുഴലിക്കാറ്റ്… അഞ്ച് ജില്ലകളില്‍ നാളെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു

ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ഓഫീസുകള്‍ക്കാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവില്‍ മാനാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.