ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിപ്പ് നല്‍കി. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. ആന്റി സ്‌നേക്ക്‌വെനം പോലുളള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്. ഓര്‍ത്തോപീഡിഷ്യന്‍, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യ ഡോക്ടര്‍ എന്നിവര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യമുളളപ്പോള്‍ എത്തേണ്ടതാണ്.