എല്ലാവിഭാഗം പൊലീസുകാരെയും രംഗത്തിറക്കി സുരക്ഷാ പാലനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. ഇവര്‍ നാളെ രാവിലെ ജില്ലാ പൊലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്.
വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഐപിഎസ് ഓഫീസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.

ഡോ. ദിവ്യ വി ഗോപിനാഥ്, വൈഭവ് സക്‌സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നല്‍കി. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല ചൈത്ര തെരേസ ജോണിനാണ്. യതീഷ് ചന്ദ്ര, ആര്‍ ആനന്ദ് എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല. ഓരോ വിമാനത്താവളത്തിലും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥ•ാര്‍ക്കും ചുമതല നല്‍കി നിയോഗിക്കും.

മാസ്‌ക് ധരിക്കാത്ത 4963 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

അതിഥി തൊഴിലാളികള്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേരുന്നവരുടെ രേഖകളും മറ്റും പരിശോധിക്കുന്നതിന് അതിര്‍ത്തി റെയില്‍വെ സ്‌റ്റേഷനുകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്നവരെ ക്വാറന്റൈനിലേക്ക് വിടുകയാണ്. പാസില്ലാതെ വരുന്നവരാണെങ്കില്‍ കോണ്‍ട്രാക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ഉത്തരവാദിത്വത്തിലാണ് ക്വാറന്റൈനിലേക്ക് അയക്കുന്നത്.

എന്നാല്‍, യാത്രാപാസ്സില്ലാതെ എത്തുകയും ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത്തരം അതിഥി തൊഴിലാളികളെ റെയില്‍വെ സ്‌റ്റേഷനില്‍ തന്നെ നിര്‍ത്തി തിരികെ പോകുന്ന ട്രെയിനുകളില്‍ കയറ്റിവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ തിരിച്ച് കയറ്റിവിടാന്‍ പാടില്ല. പകരം അവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് അയക്കും. ഏത് ജില്ലയിലേക്കാണോ പോകേണ്ടത് ആ ജില്ലാ സംവിധാനം ക്വാറന്റൈന്‍ സൗകര്യം ഒരുക്കണം. അവര്‍ക്ക് ഇവിടെത്തന്നെ തൊഴിലെടുക്കുന്നതിന് അവസരം നല്‍കാന്‍ ജില്ലാതലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കണം.

സന്നദ്ധ സേനാ വളണ്ടിയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം നാളെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പ്രീ മണ്‍സൂണ്‍ പരിശീലനം 20,000 പേര്‍ക്ക് നല്‍കും. രജിസ്റ്റര്‍ ചെയ്ത മൂന്നര ലക്ഷം വളണ്ടിയര്‍മാര്‍ക്ക് ആഗസ്റ്റ് മാസത്തോടെ പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും.