അനധികൃതമായ മാന്‍വേട്ട; നാല്‌ പേര്‍ പിടിയില്‍

Large white-tailed deer buck standing in an open meadow during a rain storm in Smoky Mountain National Park

ഇടുക്കി: തമിഴ്‌നാട്ടിലെ ആനമല ചെമ്മേടില്‍ അനധികൃതമായ മാന്‍വേട്ട നടത്തിയ നാലുപേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ബാലകൃഷ്ണന്‍(48), ദുരസാമി(62), സുന്ദര്‍രാജ്(51), പ്രകാശ്(29) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായ തമിഴന്‍(48) ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്്. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാരിമുത്തു രഹസ്യവിവരങ്ങളെ തുടര്‍ന്ന് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

കുവൈറ്റില്‍ ജോലിചെയ്യുന്ന മലയാളിയായ ഡോ.ഷാജുവിന്റെ 200ഏക്കര്‍ സ്ഥലത്ത് നിന്നാണ് മാനിനെ വേട്ടയാടിയതെന്ന് വനവകുപ്പ് ഉദ്യോഗസ്ഥരോട് പ്രതികള്‍ പറഞ്ഞു. മാനിന്റെ ഇറച്ചി പൊള്ളാച്ചിയിലെ ചില ഹോട്ടലില്‍ വിറ്റതായും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളില്‍നിന്ന് മാനിന്റെ തല, കൊമ്പ്, ഇറച്ചി, നാടന്‍തോക്ക്, തോക്കില്‍ നിറയ്ക്കാനുള്ള തോട്ടകള്‍, കത്തി, തോക്ക് നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍, ടോര്‍ച്ച്, ഹെഡ്‌ലൈറ്റ് എന്നിവയും കണ്ടെടുത്തു. മുഖ്യപ്രതിയായ ബാലകൃഷ്ണന്‍ തോക്ക് നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം ഉള്ളയാളാണ് എന്ന് അധികൃതര്‍ പറഞ്ഞു.