ആറുമാസത്തിനിടെ 10 തവണ സ്വര്‍ണം കടത്തിയെന്ന് സംശയം, സ്വപ്നയെ കിട്ടാന്‍ തീവ്ര അന്വേഷണം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും ഒത്താശയില്‍ ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി കളളക്കടത്ത് നടത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. യുഎഇ കോണ്‍സുലേറ്റിലെ ചില ഉന്നതരുടെ പങ്കാളിത്തവും കസ്റ്റംസ് പരിശോധിക്കുകയാണ്. പിടിച്ചെടുത്ത സ്വര്‍ണം തിരിച്ചുകിട്ടാന്‍ സ്വപ്ന സുരേഷ് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കുകയും വിരട്ടുകയും ചെയ്തത്രെ.
നയതന്ത്ര ഓഫീസില്‍ ജോലി ചെയ്ത പരിചയം വച്ചാണ് സ്വപ്‌നയും സരിത്തും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം. ദുബായില്‍ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വര്‍ണം അയച്ചിരുന്നത്. നയതന്ത്ര ചാനലിലൂടെ കാര്‍ഗോ എത്തിയതിന്റെ പത്ത് എയര്‍വേ ബില്ലുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു.
നയതന്ത്ര ബാഗ് ആണെന്നും പിടിച്ചെടുത്താല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സ്വപ്‌ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിരട്ടിയത്രെ. തുടര്‍ന്ന് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് വിളിയെത്തി. പിന്നാലെ കോണ്‍സുലേറ്റ് അറ്റാഷേ തന്നെ വിമാനത്താവളത്തിലെത്തി. പിടിച്ചെടുത്ത ബാഗേജ് തിരിച്ചയ്ക്കാനുളള ശ്രമവും ഉണ്ടായി.
അതേസമയം, ഒളിവില്‍ക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന സരിത്തിനെ ആലുവയിലെത്തിച്ച് സ്രവപരിശോധന നടത്തി. കൊവിഡ് രോഗബാധയില്ലെന്ന് ഉറപ്പിച്ചശേഷം അടുത്തദിവസം തന്നെ കസ്റ്റഡിയില്‍വാങ്ങും. കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയാലേ വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കൂ.