ഇനി രാഹുൽ ഗാന്ധി നേരിട്ട് വിളിക്കും;പാർട്ടിയെ നന്നാക്കാൻ നേതാക്കളുടെ കാലു പിടിക്കണ്ട

മിസ്ഡ് കോൾ അംഗത്വം വഴി തരംഗം സൃഷ്ടിച്ച ബി ജെ പി ക്ക് ബദലാകാൻ കോൺഗ്രസിന് ഇനി ‘ശക്തി’യുണ്ടാകും. 8748 974000 എന്ന നമ്പറിലേക്ക് വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പർ എസ്എംഎസ് ചെയ്താൽ മതി ആർക്കും കോൺഗ്രസിൽ ‘ശക്തി’ കിട്ടും. വെറുതേ ഒരു മെസേജ് അയക്കലല്ല ഇത്. നിങ്ങളുടെ വോട്ടർ ഐഡി നമ്പർ കൂടി അയക്കുന്നതിനാൽ ബൂത്ത് ഏതാണെന്ന് കോൺഗ്രസ് ഡാറ്റാ അനലിറ്റിക്സ് വിഭാഗത്തിന് അറിയാനാകും.അവർ ക്രോഡീകരിക്കുന്ന വിവരങ്ങൾ അതത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള റിസർച്ച് വിഭാഗത്തിന് കൈമാറും.പാർട്ടിക്ക് സ്വാധീന കുറവുള്ള മണ്ഡലങ്ങളിലെ ബൂത്തുകളിലെ പ്രവർത്തകരെയും ഇത് വഴി കണ്ടെത്തി അവരിൽ നിന്ന് പ്രാദേശിക പ്രശ്നങ്ങൾ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെയാണ് ശക്തി സംവിധാനം പ്രവർത്തിക്കുക .

നേതാക്കൻമാരിൽ നിന്ന് അർദ്ധ സത്യങ്ങൾ അറിയുന്നതിന് പകരം ബൂത്ത്തലത്തിലെ പ്രവർത്തകരിൽ നിന്ന് നേരിട്ട് വിവരങ്ങൾ കേന്ദ്ര നേതൃത്വത്തിന് അറിയാനാകുമെന്ന് അർത്ഥം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രവർത്തകരെ നേരിട്ട് വിളിക്കും. നമോ ആപിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബൂത്തു തല പ്രവർത്തകരുമായി തത്സമയം സംവദിക്കുന്നതിന് ബദലായി രാഹുൽ നിരന്തരം പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ആരായും.

ശക്തി സംവിധാനം നിലവിൽ വരുന്നതിന് മുമ്പുതന്നെ കേരളത്തിൽ രാഹുൽ കേരളത്തിൽ അത്തരം ഇടപെടൽ തുടങ്ങിക്കഴിഞ്ഞു.തിരുവനന്തപുരത്തേയും കൊച്ചിയിലേയും ചില ബൂത്ത് പ്രസിഡന്റുമാരെ ഇതിനകം രാഹുൽ നേരിട്ട് വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ശക്തി നടപ്പിലാക്കിയ രാജസ്ഥാൻ, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തകരെ ആവേശം കൊള്ളിക്കാൻ കഴിഞ്ഞത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു.

ശക്തി’ക്ക് ആന്ധ്രയിലെ മികച്ച തുടക്കത്തെക്കുറിച്ച് കേരളത്തിലെ പദ്ധതി ഉദ്ഘാടന വേദിയിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി വിശദീകരിച്ചു. 2400 പ്രവർത്തകരുമായി ബന്ധിപ്പിക്കുകയാണ് ആദ്യം അവിടെ ചെയ്തത്. അവരുമായി ആശയവിനിമയം നടത്താനും സാധിച്ചതായി ഉമ്മൻ ചാണ്ടി പറഞ്ഞു. 29470 ബൂത്തുകളുള്ള കേരളത്തിൽ ഓരോ ബൂത്തിലെ ഓരോ പ്രവർത്തകനെങ്കിലും ശക്തിയിൽ അംഗമാവുക എന്ന ലക്ഷ്യമാണ് കെ പി സി സി മുന്നോട്ട് വയ്ക്കുന്നത്.നേതാക്കളുമായുള്ള ആശയ വിനിമയത്തിന് പകരം സാധാരണ പ്രവർത്തകരുടെ വികാരങ്ങൾ മനസിലാക്കുകയാണ് രാഹുൽ ഗാന്ധിയുടെ ഉദ്ദേശം.

കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങൾ നേരിട്ടു ജനങ്ങളിലേക്ക് എത്തിക്കുന്ന ‘ലോക് സമ്പർക്ക് അഭിയാൻ പദ്ധതി’ക്കും കേരളത്തിൽ തുടക്കമായി. ഒരു ബൂത്തിൽ പത്തു കോ ഓർഡിനേറ്റർമാരെ വീതം തിരഞ്ഞെടുത്ത് ഒരാൾക്ക് 25 വീടിന്റെ ചുമതല ഈ പദ്ധതിപ്രകാരം കൈമാറും. പൊതുയോഗങ്ങളോ റാലിയോ വരുമ്പോൾ മാത്രം ആളെ കൂട്ടാനിറങ്ങുന്ന പതിവ് മാറ്റി നിരന്തരം വോട്ടർമാരുമായി ബന്ധം നിലനിർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബൂത്ത് കമ്മിറ്റികളെ പൂർണമായും മുഖവിലക്കെടുക്കുന്ന ഈ സംവിധാനങ്ങൾ വരുന്നതോടെ പാർട്ടിക്ക് അടിത്തട്ടിൽ ഉണർവ് ഉണ്ടാകുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നു. രാജസ്ഥാനിലെ അനുഭവം അതിന് കരുത്തു പകരുകയും ചെയ്യുന്നു.