ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ ചെന്നിത്തല

തിരുവനന്തപുരം: ആരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ ഐ സി സി നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും സ്ഥാനാര്‍ഥികളാകാന്‍ ആരും പ്രമേയം ഇറക്കേണ്ടെന്നും സ്ഥാനാര്‍ഥി മോഹികള്‍ക്ക് ചെന്നിത്തല മുന്നറിയിപ്പു നല്‍കി.
ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ശനിയാഴ്ച മേല്‍നോട്ട സമിതി യോഗത്തില്‍ പറഞ്ഞിരിക്കുന്നത് വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകം എന്നാണ്. ഗ്രൂപ് സമവാക്യങ്ങള്‍ പരിഗണിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അതിനാല്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവന പ്രവര്‍ത്തകര്‍ക്കുളള വലിയ സന്ദേശമായാണ് കണക്കാക്കേണ്ടത്. എ ഐ സി സി നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു കെ പി സി സി നിര്‍വാഹക യോഗം ശനിയാഴ്ച നടന്നത്. യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എ ഐ സി സി നിരീക്ഷകനുമായ അശോക് ഗെഹ്ലോത്തും കെ പി സി സി പ്രസിഡന്റായ മുല്ലപ്പളളി രാമചന്ദ്രനും സംസാരിച്ചു. തുടര്‍ന്നാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ചെന്നിത്തല സംസാരിക്കാന്‍ തുടങ്ങിയതോടെ മാധ്യമങ്ങളെ യോഗത്തില്‍ നിന്ന് പുറത്തിറക്കി.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ചെന്നിത്തല സംസാരിച്ചത്. സൗജന്യ കിറ്റ് കൊടുത്തതുകൊണ്ടു മാത്രമല്ല എല്‍ ഡി എഫ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയത്. മറിച്ച് അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനെ താഴെത്തട്ടില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. അത് പരാജയത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.