ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലിറക്കുന്ന ആദ്യ പേടകമാവാൻ ‘ചന്ദ്രയാൻ-രണ്ട്’

ബെംഗളൂരു: രാജ്യത്തിന്റെ ‘ചന്ദ്രയാൻ-2’ പേടകത്തെ ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിലെത്തിക്കാൻ ലക്ഷ്യം. പേടകത്തിൽ 14 പര്യവേക്ഷണ ഉപകരണങ്ങൾ (പേലോഡുകൾ) ഉണ്ടാകുമെന്ന് ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ജൂലായിലാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്.

ദൗത്യം വിജയിക്കുകയാണെങ്കിൽ, ദക്ഷിണധ്രുവത്തിൽ ‘കാലു’കുത്തുന്ന ആദ്യത്തെ ചാന്ദ്രപേടകമാവുമിത്. ജൂലായ് ഒമ്പതിനും 16-നുമിടയിൽ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. 3800 കിലോഗ്രാം ഭാരംവരുന്ന ‘ചന്ദ്രയാൻ-രണ്ട്’ പേടകത്തിൽ ഓർബിറ്റർ, ലാൻഡർ, റോവർ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ടാവും. ഓർബിറ്റർ ചന്ദ്രനുചുറ്റും മണിക്കൂറിൽ നൂറുകിലോമീറ്റർ വേഗത്തിൽ കറങ്ങുമ്പോൾ, ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി നിലയുറപ്പിക്കും. ‘വിക്രം’ എന്നാണ് ലാൻഡറിനു പേരുനൽകിയിരിക്കുന്നത്. ‘പ്രഗ്യാൻ’ എന്നു പേരിട്ടിരിക്കുന്ന റോബോട്ടിക്‌ റോവർ, ലാൻഡറിൽനിന്നു വേർപെട്ട് ഉപരിതലത്തിൽ ചുറ്റിക്കറങ്ങി ഗവേഷണങ്ങളിലേർപ്പെടും. സെപ്റ്റംബർ ആറോടെ ലാൻഡറിനെ ചന്ദ്രോപരിതലത്തിലെത്തിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്.

ഓർബിറ്റർ, ലാൻഡർ, റോവർ എന്നീ മൂന്നു ഭാഗങ്ങളിലും വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറുന്നതിനും ‘പേലോഡു’കളുണ്ടാവും. ഓർബിറ്ററിൽ എട്ടും ലാൻഡറിൽ നാലും റോവറിൽ രണ്ടും ‘പേലോഡു’കളുണ്ടാവുമെന്നാണ് ഐ.എസ്.ആർ.ഒ. നേരത്തേ ഒരു അറിയിപ്പിൽ പറഞ്ഞിരുന്നത്. പേടകത്തിൽ ഇന്ത്യയുടേതായി 14 ‘പേലോഡു’കളുണ്ടാവുമെന്നാണ് പുതിയ അറിയിപ്പിൽ പറയുന്നത്.

800 കോടി രൂപ ചിലവിലാണ് ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ചു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കുന്നത്.