മാരകമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നു

മാരകമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്ന തീരുമാനം പിന്തുണച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മീഷനാണ് തീരുമാനം എടുക്കുന്നത്. 1961 മുതല്‍ മാരകമായ ലഹരിമരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണമെന്ന് ലോക ആരോഗ്യ സംഘടന നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മീഷന്റെ നടപടി.
അമേരിക്കയും ബ്രിട്ടനുമാണ് കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റാന്‍ മുന്‍കൈയെടുത്തത്. ഇന്ത്യയും നടപടിയെ പിന്തുണച്ചു. എന്നാല്‍ ചൈന, റഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ത്താണ് വോട്ട് ചെയ്തത്. കഞ്ചാവിനെ ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റുന്നതില്‍ ഈ രാജ്യങ്ങള്‍ ആശങ്കപ്രകടിപ്പിച്ചു. കഞ്ചാവ് നിരവധി മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റണമെന്നും നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.
യുഎന്‍ നടപടിയെ തുടര്‍ന്ന് യുഎസില്‍ കഞ്ചാവ് ഔഷധ ആവശ്യത്തിനായി ഉപയോഗിക്കുന്ന കമ്ബനികളുടെ ഓഹരി മൂല്യം ഉയര്‍ന്നു. യുഎസില്‍ നിരവധി സ്‌റ്റേറ്റുകളില്‍ കഞ്ചാവ് നിയമവിധേയമാണ്. നാല് സ്‌റ്റേറ്റുകള്‍ കഞ്ചാവ് നിയമവിധേയമാക്കാന്‍ 2020 യുഎസ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു.