യുഎപിഎ ചുമത്തിയ അലന്‍ ശുഹൈബിന് നിയമസഹായം നല്‍കാനൊരുങ്ങി സിപിഐഎം

മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശിയായ അലന്‍ ശുഹൈബിന് നിയമസഹായം നല്‍കാന്‍ തീരുമാനിച്ച് സി.പി.ഐ.എം. സിപി.ഐ.എം പന്നിയങ്കര ലോക്കല്‍ കമ്മറ്റിയുടേതാണ് തീരുമാനം.
യു.എ.പി.എ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്. യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തക്ക കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.പി ദാസന്‍ പങ്കെടുത്ത യോഗത്തിലാണ് ഏരിയാ കമ്മറ്റിയുടെ വിമര്‍ശനം. ടി.ദാസന്‍, സി.പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. നടി സജിതാ മഠത്തില്‍ അലന്റെ വല്ല്യമ്മയാണ്.