ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കര്‍ണാടകത്തില്‍ രണ്ടു ദിവസത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.

രാജ്ഭവനില്‍ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. രാജ്ഭവന് പുറത്ത് വാദ്യഘോഷങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി നാളെ വീണ്ടും പരിഗണനയില്‍ വരുമെന്നുള്ളത് കൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. അതിന്‍പ്രകാരമാണ് യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്തത്

രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തത്കാലം  അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പ്രകാശ് ജാവദേക്കര്‍, സദാനന്ദ ഗൗഡ, അനന്ത് കുമാര്‍, ജെ പി നഡ്ഡ, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടകത്തിന്റെ 22-ാം മുഖ്യമന്ത്രിയായാണ് യെദ്യൂരപ്പ അധികാരമേറ്റത്. ഇത് മൂന്നാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേല്‍ക്കുന്നത്.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നല്‍കിയിട്ടുള്ളത്. 104 സീറ്റുകളാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 112  അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടംനടന്ന കര്‍ണാടകത്തില്‍ വലിയ കക്ഷിയായി മാറിയ ബി.ജെ.പി.യുടെ നേട്ടത്തിന് പിന്നില്‍ ബി.എസ്. യെദ്യൂരപ്പയുടെ പങ്ക് ചെറുതല്ല. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെ ആദ്യത്തെ മുഖ്യമന്ത്രിയായ അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ യെദ്യൂരപ്പയ്ക്കുള്ള പങ്ക് കുറച്ചല്ല. സംസ്ഥാനത്ത് 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ പരമ്പരാഗതമായി ബി.ജെ.പി.യെയാണ് പിന്തുണച്ചിരുന്നത്. പ്രത്യേക മതം എന്ന അവരുടെ ദീര്‍ഘകാലാവശ്യത്തിന് അംഗീകാരം നല്‍കിയാണ് സിദ്ധരാമയ്യ ഈ വോട്ടുബാങ്ക് തകര്‍ക്കാന്‍ ശ്രമം നടത്തിയത്. യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി. ശ്രമം പരാജയപ്പെടുത്തിയത്. ലിംഗായത്ത് നേതാവായ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് ആ സമുദായത്തിന്ന് മതപദവി നല്‍കിയതെന്നാണ് അമിത് ഷാ ലിംഗായത്ത് മഠാധിപതികളെ ബോധിപ്പിച്ചത്. ഈ പ്രചാരണം ഫലിച്ചെന്നാണ് ലിംഗായത്ത് കേന്ദ്രങ്ങളില്‍ ബി.ജെ.പി.ക്കുണ്ടായ നേട്ടം വ്യക്തമാക്കുന്നത്.

ദക്ഷിണേന്ത്യയില്‍ കാവിക്കൊടി പാറിക്കാന്‍ കേന്ദ്ര ബി.ജെ.പി. നേതൃത്വം പതിനെട്ടടവും പയറ്റിയെങ്കിലും അതില്‍ വിജയംകണ്ടെത്താന്‍ കഴിഞ്ഞത് യെദ്യൂരപ്പയ്ക്ക് മാത്രമാണ്. 2013-ല്‍ യെദ്യൂരപ്പ പാര്‍ട്ടി വിട്ടപ്പോള്‍ ബി.ജെ.പി. തകര്‍ന്നടിഞ്ഞു. അധികാരത്തിലിരുന്ന പാര്‍ട്ടി 40 സീറ്റില്‍ ഒതുങ്ങി. അദ്ദേഹം തിരച്ചെത്തിയതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വിജയം നേടി. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 28 മണ്ഡലങ്ങളില്‍ 17 എണ്ണം ബി.ജെ.പി.ക്കായിരുന്നു. 2015-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്കായിരുന്നു വിജയം. ഇത് മുന്നില്‍ക്കണ്ടാണ് യെദ്യൂരപ്പയെ കേന്ദ്രനേതൃത്വം  മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കോണ്‍ഗ്രസിന്റെ ധരംസിങ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 2007-ല്‍ ജനതാദളിലെ കുമാരസ്വാമിക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് യെദ്യൂരപ്പ അധികാരത്തിലേക്കെത്തുന്നത്. തുടര്‍ന്നദ്ദേഹം ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബി.ജെ.പി. ഉപമുഖ്യമന്ത്രിയായി. എന്നാല്‍, അന്നുണ്ടാക്കിയ ധാരണപ്രകാരം 20 മാസത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം മാറാമെന്ന ഉറപ്പ് കുമാരസ്വാമി പാലിച്ചില്ല. തുടര്‍ന്ന് എട്ടുദിവസം മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടിവന്നു. 2008-ല്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും 13 അംഗങ്ങളുടെ കുറവുണ്ടായിരുന്നു. ഓപ്പറേഷന്‍ താമരയിലൂടെ സ്വതന്ത്രരെയും പ്രതിപക്ഷ എം.എല്‍.എ.മാരെയും പാട്ടിലാക്കിയാണ് യെദ്യൂരപ്പ അധികാരം ഉറപ്പിച്ചത്. ഇത്തരമൊരു സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എ.മാരെക്കൊണ്ട് രാജിവെപ്പിച്ച് ഭൂരിപക്ഷം ഉറപ്പാക്കുന്ന തന്ത്രമാണ് അന്ന് അദ്ദേഹം പ്രയോഗിച്ചത്.