ഗാര്‍ഹിക പീഡനം: ലണ്ടന്‍ മലയാളിക്ക് ഭാര്യയെയും മക്കളെയും കാണുന്നതിന് കോടതിയുടെ നിയന്ത്രണം

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്ന മലയാളി ഗൃഹനാഥന് ഒരു വര്‍ഷത്തേക്ക് ഭാര്യയെയും മക്കളെയും കാണാന്‍ കോടതിയുടെ നിയന്ത്രണം. മൂന്നു മക്കളുടെ പിതാവായ ഇയാള്‍ക്ക് മറ്റൊരാളുടെ സാന്നിധ്യത്തില്‍ മാത്രമേ ഇക്കാലയളവില്‍ മക്കളെ കാണാനാകൂ. ഭാര്യയെ കാണാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ മലയാളികള്‍ക്ക് ഏറെ പരിചിതനും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്ത യുവാവാണ് ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി ഇപ്പോള്‍ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയനായിരിക്കുന്നത്.

പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് ഇയാള്‍ പലതവണ ഭാര്യയെ മര്‍ദിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കാന്‍ ഉതകുന്ന 14 പേജുള്ള മൊഴിപ്പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു.

2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇയാള്‍ പലതവണ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി ഭാര്യയുടെ മൊഴിയിലുണ്ട്. പൊലീസിനു നല്‍കിയ മൊഴികള്‍ നിഷേധിക്കാന്‍ തയാറായില്ലെങ്കിലും സാക്ഷിക്കൂട്ടില്‍ കയറിനിന്ന് ഭര്‍ത്താവിനെതിരേ മൊഴി നല്‍കാന്‍ പരാതിക്കാരി തയാറാകാതിരുന്നതോടെ വിചാരണ നടപടികള്‍ ഒഴിവാക്കി ചെറിയ നിയന്ത്രണങ്ങളോടെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

2017 നവംബര്‍ നാലിന് രാത്രിയിലായിരുന്നു ഇയാള്‍ മാഞ്ചസ്റ്ററിലെ വസതിയില്‍ വച്ച് ഭാര്യയെ പലതവണ മര്‍ദിച്ചത്. ഇതു കണ്ട ഇവരുടെ 12 വയസുള്ള മൂത്ത മകളാണ് 999 എന്ന പോലീസ് ഹെല്‍പ്ലൈന്‍ നമ്പരില്‍ വിളിച്ച് പരാതിപ്പെട്ടത്. വിവരം അന്വേഷിച്ചെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഭാര്യയില്‍നിന്നും മക്കളില്‍നിന്നും മൊഴിയെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഈ മൊഴികളടങ്ങിയ കുറ്റപത്രമാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ഫിലിപ് ഡ്രമണ്ട് കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

ട്രാഫോഡില്‍ നേരത്തെ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കൗണ്‍സിലിലേക്ക് മല്‍സരിച്ചു പരാജയപ്പെട്ട ഇയാള്‍ പിന്നീട് ടോറി പാര്‍ട്ടി അനുഭാവിയായി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വിഥിന്‍ഷോ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. ബ്രിട്ടനില്‍ നഴ്‌സായെത്തി ഇന്നത പഠനത്തിലൂടെ പിഎച്ച്ഡി ഉള്‍പ്പെടെയുള്ള ബിരുദങ്ങള്‍ നേടിയ ആളാണ് ഇദ്ദേഹത്തിന്റെ ഭാര്യ.