ശ്രീദേവി മാത്രമല്ല; അപ്രതീക്ഷിതമായി അണഞ്ഞു പോയ താരകങ്ങള്‍ വേറെയുമുണ്ട്; സിനിമാലോകത്തെ ദുരൂഹമരണങ്ങള്‍

കണ്‍ചിമ്മി തുറന്ന വേഗതയില്‍ ഹൃദയങ്ങളിലേക്ക് ചേക്കേറിയവരാണ് നാം മനസില്‍ സൂക്ഷിക്കുന്ന താരരാജാക്കന്‍മാരും രാജ്ഞിമാരും. ഇഷ്ടങ്ങള്‍‌ ആരാധനയിലേക്ക് വഴിമാറുമ്പോള്‍ ആ താരങ്ങള്‍ നമ്മളിലൊരാളായി മാറും. ചിലരെ നാം ജീവന്‍ വരെ കൊടുത്ത് ഇഷ്ടപ്പെടും, അവരുടെ സുഖ ദുഃഖങ്ങള്‍ നമ്മുടേത് കൂടിയാകും. എന്തിനേറെ, ഇഷ്ടതാരത്തിന്‍റെ ചിത്രമൊന്ന് പരാജയപ്പെട്ടാല്‍ ജീവനൊടുക്കിയ ആരാധകര്‍ വരെ ഇവിടെയുണ്ട്. പറയാനേറെയുണ്ട്, അത് സിനിമയ്ക്ക് മാത്രം വശമുള്ള അന്ധമായ അഭിനിവേഷം.

അങ്ങനെ ഔന്നത്യത്തിന്‍റെ കൊടുമുടുയില്‍ നിന്നപ്പോള്‍, സുവര്‍ണ താരകങ്ങളായി ജ്വലിച്ചു നിന്നപ്പോള്‍ തന്നെ അടര്‍ന്നു വീണ എത്രയോ താരകങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അത് ശ്രീദേവി മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. അതില്‍ പലതും ദുരൂഹമായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം.

ദീവാന എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ കുടിയേറിയ ദിവ്യഭാരതിയുടെ മരണം ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. ഭർത്താവ് അജീദ് നദിയാദ്വാലയുടെ വീടിന്‍റെ ആറാം നിലയിൽ നിന്നു സംശയാസ്‌പദമായ സാഹചര്യത്തിൽ വീണുമരിച്ച ദിവ്യഭാരതിയുടെ മരണത്തിലെ ദുരൂഹതകള്‍ ഒരു രാപ്പകലിനപ്പുറം മറന്നു പോയെങ്കിലും, ഇന്നും അവരുടെ വശ്യസൌന്ദര്യം നെഞ്ചേറ്റുന്നു പ്രേക്ഷകര്‍.

ഇന്ത്യന്‍ സിനിമ കണ്ട സൌന്ദര്യധാമം നഫീസ ജോസഫിന്‍റെ മരണത്തിനു പിന്നിലുള്ള കാരണം ഇന്നും അ‍ജ്ഞാതം. മുംബൈയിലെ വീട്ടില്‍ 2004 ജൂലൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അവരെ. 1997ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു അവര്‍.

1970കളിലെ ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായി വിരാജിക്കുമ്പോഴാണ് ആരാധകര്‍ക്കാകെ ഞെട്ടല്‍ സമ്മാനിച്ചു കൊണ്ട് പര്‍വീണ്‍ ബാബി മരണപ്പെടുന്നത്. 2005 ജനുവരി 21നു മുംബൈ ജുഹുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അവരെ. ശ്രീദേവിയുടെ മരണത്തിന് സമാനമായി രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം.

പ്രശസ്ത മോഡലും മുന്‍ മിസ് മൌറീഷ്യസുമായ വിവേക ബാബാജി 2010 ജൂണ്‍ 25നു മുംബൈയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിക്കുമ്പോഴും ബാക്കിയായത് വലിയൊരു ദൂരുഹത. കാമസൂത്ര മോഡല്‍ എന്ന പേരില്‍ ശ്രദ്ധേയയായ വിവേക, പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് ജീവനൊടുക്കി എന്നായിരുന്നു വാര്‍ത്തകള്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ ഗൗതം വോറയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്‌തുവെങ്കിലും ആ അദ്ധ്യായം അധികം ആയുസില്ലാതെ അടഞ്ഞു.

വിടരും മുമ്പേ കൊഴിയാനായിരുന്നു ജിയാഖാന്‍ എന്ന കുസൃതി താരത്തിന്‍റെ നിയോഗം. ‘നിശ്ശബ്‌ദ്’ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്‍റെ നായികയായി ശ്രദ്ധ നേടിയ താരം. 2013 ജൂൺ നാലിനു മുംബൈ ജുഹുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു അവരെ. സൂരജ് അകന്നതിനെത്തുടർന്നു ജിയ നിരാശയിലായിരുന്നു. സംവിധാന സഹായിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ബോളിവുഡിലെ മുന്‍കാല നായികമാരുടെ മരണങ്ങള്‍ പോലെ ഫയലുകളില്‍ വിശ്രമിക്കാന്‍ തന്നെയായിരുന്നു ജിയയുടെ മരണ റിപ്പോര്‍ട്ടിന്‍റെയും നിയോഗം.

അങ്ങനെ ഓര്‍ത്തെടുക്കുക പ്രയാസം…. ഇന്ത്യന്‍ സിനിമയെ പിടിച്ചുലച്ച ഇത്തരം മരണങ്ങളിലേക്ക് എത്തിനോക്കിയാല്‍ ബാക്കിയാകുന്നത് ദുരൂഹതയും സംശയങ്ങളും തന്നെയാണ്. എന്തിനേയും പണം കൊണ്ട് മറികടക്കുന്ന ബോളിവുഡിന്‍റെ താരാധിപത്യവും സ്വാധീനവും ഈ നടിമാരുടെ മരണത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് പോകാന്‍ ഉത്തരവാദിത്തപ്പെട്ടവരെ തടഞ്ഞോ എന്നത് ഇന്നും വലിയ ചോദ്യമായി നില്‍ക്കുന്നു.

എന്തിന് അകലേക്ക് പോകണം… താരപരിവേഷത്തിന്‍റെ പൂര്‍ണതയില്‍ നില്‍ക്കവേ നമുക്ക് നഷ്ടമായ ജയനും തീരാനൊമ്പരമായ കലാഭവന്‍ മണിയും ദുരൂഹതകള്‍ ബാക്കിയാക്കി മറഞ്ഞ സില്‍ക് സ്മിതയും മേല്‍പ്പറയപ്പെട്ട നിരകളിലെ ചില ഉദാഹരണങ്ങള്‍ മാത്രം. പക്ഷേ, ഇവരെ ഉയിര്‍കൊടുത്ത് ഇഷ്ടപ്പെടുന്ന ആരാധകര്‍ ഇപ്പോഴും പ്രതീക്ഷ വയ്ക്കുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ എന്നെങ്കിലും നീങ്ങുമെന്ന്…