കാബൂളിൽ സ്ഫോടനം; 34 പേർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ കാർബോംബ് സ്‌ഫോടനത്തിൽ 34 പേർ കൊല്ലപ്പെട്ടു. കാബൂളിലെ യുഎസ് എംബസിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. തിരക്കുള്ള സമയത്താണ് ഭീകരര്‍ കാർ ബോംബ് സ്ഫോടനം നടത്തിയതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. 65 പേര്‍ക്കോളം പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്. കച്ചവടത്തിനായി ആളുകള്‍ തെരുവിലേക്ക് വരുന്ന സമയത്താണ് സംഭവം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

എന്ത് തരത്തിലുള്ള സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചത് എന്നും വ്യക്തമല്ല. താലിബാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നീ ഭീകരസംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. ശക്തമായ സ്‌ഫോടനമാണ് നടന്നതെന്നാണ് വിവരം. സ്‌ഫോടന സ്ഥലത്ത് നിന്ന് വലിയ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.