ഭോപ്പാലില്‍ ബോട്ട് മുങ്ങി 11 മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മുങ്ങി 11 പേര്‍ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്. 18 പേര്‍ കയറിയ ബോട്ടാണ് മുങ്ങിയത്. ആറ് പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ട് ബോട്ടുകള്‍ കൂട്ടിക്കെട്ടിയാണ് നിമഞ്ജന ചടങ്ങിനായി പുറപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവര്‍ ആരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നില്ല. 11 പേരുടെയും മൃതദേഹങ്ങള്‍ ദുരന്ത പ്രതികരണ സേന കണ്ടെടുത്തു.

അപകടത്തില്‍ രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ്മ പറഞ്ഞു.

മരിച്ചവരുടെ ഉറ്റവര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.