ബാലഭാസ്‌ക്കർ മരണം: ഹാർഡ് ഡിസ്ക് താൻ എടുത്തുവെന്ന് തമ്പി; തമ്പി കൊണ്ടുപോയിട്ടില്ലെന്ന് മൊഴി മാറ്റി ജ്യൂസ് കടയുടമ

തിരുവനന്തപുരം: വയലന്സിസ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത വർധിപ്പിച്ചു കൊണ്ടാണ് പുറത്തുവരുന്ന ഓരോ വിവരങ്ങളും. ഏറ്റവും ഒടുവിൽ അപകടം നടന്ന ദിവസം ബാലഭാസ്കറിന്‍റെ കുടുംബം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരവെ, കൊല്ലത്ത് വാഹനം നിർത്തി ജ്യൂസ് കുടിച്ചിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ അപകടമുണ്ടായി അന്വേഷണം തുടങ്ങിയ ശേഷം സ്വർണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ജ്യൂസ് കട ഉടമയായ ഷംനാദ് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷം ദൃശ്യങ്ങൾ പ്രകാശ് തമ്പി എന്നയാൾ കൊണ്ടുപോയിട്ടില്ലെന്ന് ജ്യൂസ് കടയുടമ മൊഴി മാറ്റി പറയുകയാണ് ഉണ്ടായത്.

ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് മൊഴി നൽകിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു. ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാൾ ജ്യൂസ് കടയിൽ വന്നിട്ടില്ല, സിസിടിവി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ജ്യൂസ് കടയുടമ ഷംനാദ് വ്യക്തമാക്കി.

ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത് പൊലീസാണ്. ഡിവൈഎസ്‍പി ഹരികൃഷ്ണനാണ് ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത്. ഇതിനിടെ ജ്യൂസ് കടയിൽ പ്രകാശ് തമ്പി എന്നൊരാൾ വന്ന് സിസിടിവി ഹാർഡ് ഡിസ്ക് കൊണ്ടുപോയി എന്ന് പറഞ്ഞിട്ടേയില്ലെന്ന് ഷംനാദ് പറയുന്നു.

എന്നാൽ ഇതിനു പിന്നാലെ ദൃശ്യങ്ങൾ കടയിൽ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി പറഞ്ഞു. ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വർണ കടത്തു കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആയിരുന്നു പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രൈവർ അർജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്ന് തമ്പി പറഞ്ഞു. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്ക്കറെന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ പറഞ്ഞത് അർജുനെന്നുമാണ്. ഹാർഡ് ഡിസ്ക്കിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് തമ്പി ഒളിവിൽ പോയത്.

ബാലഭാസ്കറിനൊപ്പം ഉണ്ടായിരുന്ന വാഹനമോടിച്ച അർജുൻ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടതിന് പിന്നാലെ, പ്രകാശ് തമ്പി സിസിടിവി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയെന്ന മൊഴി ലഭിച്ചതും അത് ഉടനടി മാറ്റിപ്പറഞ്ഞതും കേസിലെ ദുരൂഹത കൂട്ടുകയാണ്.

ബാലഭാസ്കറിന്‍റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതേത്തുടർന്ന് ബാലഭാസ്കറിന്‍റെ മരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണിയടക്കം രംഗത്തെത്തി. ക്രിമിനൽ കേസിൽ പ്രതികളായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്‍റെയും നിർബന്ധപ്രകാരമാണ് ഡ്രൈവറായി അർജുനെ ബാലഭാസ്കർ നിയമിച്ചതെന്നും അച്ഛൻ ഉണ്ണി ആരോപിച്ചു. അപകടത്തിന് രണ്ട് മാസം മുമ്പ് മാത്രമാണ് ബാലഭാസ്കറിന്‍റെ ഡ്രൈവറായി അർജുനെത്തിയത്. ഇതിന് ശേഷമാണ് രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുനെന്ന് അറിയുന്നതെന്നും ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി പറയുന്നു.

അപകടമുണ്ടായി ബാലഭാസ്കറിന്‍റെ കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധു പ്രിയ വേണുഗോപാൽ ആരോപിച്ചത്. ബന്ധുക്കളെ ലക്ഷ്മിയെ കാണാൻ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാർഡുമുൾപ്പടെയുള്ള എല്ലാ വസ്തുക്കളുമെന്നും പ്രിയ വേണുഗോപാൽ ആരോപിച്ചിരുന്നു. ഇങ്ങനെ പുറത്തു വരുന്ന പുതിയ വെളിപ്പെടുത്തലുകൾ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്.