ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

നെടുമങ്ങാട്: വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ കണക്കോട് ജൂബിലി നഗര്‍ കോട്ടമുകള്‍ കുന്നില്‍ വീട്ടില്‍ എന്‍. സനില്‍ദാസ് (37) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണിയാള്‍. കുറഞ്ഞ പലിശനിരക്കില്‍ വായ്പ തരപ്പെടുത്തി നല്‍കാമെന്നും അതിന് എം.ഡിയെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ നെടുമങ്ങാട്ടുനിന്ന് ഓട്ടോയില്‍ മെഡിക്കല്‍ കോളജ് ചാലക്കഴി ഭാഗത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഓട്ടോയില്‍ തിരുവനന്തപുരത്തനിന്ന് നെടുമങ്ങാട്ടേക്കള്ള യാത്രാമധ്യേ പരിചയപ്പെട്ടതാണ് സ്ത്രീയെ. നെടുമങ്ങാട് സി ഐ വിനോദ്, എസ്.ഐ അഷ്‌റഫ്, വിജയന്‍, നൂറല്‍ ഹസന്‍ , രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.