കേരളത്തില്‍ എല്‍ ഡി എഫ് വിജയിച്ചാല്‍ നടപ്പാവുന്നത് മോദിയുടെ ആ ലക്ഷ്യമെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി അശോക് ഗഹ്‌ലോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചാല്‍ നടപ്പാവുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോഡിയുടെ ലക്ഷ്യമാണെന്ന് എ ഐ സി സി നിരീക്ഷകനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറും. യു ഡി എഫും എല്‍ ഡി എഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബി ജെ പിക്കെതിരെയാണ്. ബംഗാളില്‍ സി പി എമ്മുമായി കോണ്‍ഗ്രസ് സഹകരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തില്‍ എല്‍ ഡി എഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നതെന്ന് ഗഹ്‌ലോട്ട് ഓര്‍മ്മിപ്പിച്ചു.
കേരളത്തിനൊപ്പം അസാം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെയെല്ലാം തിരിച്ചു വരാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അകത്ത് തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും തിരിച്ചു വരവിന് തടയിടാന്‍ ശ്രമിക്കുകയാണ് ചിലരെന്നും ഗഹ്‌ലോട്ട് പറഞ്ഞു.
രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കോണ്‍ഗ്രസുണ്ട്. ഏത് ഗ്രാമത്തിലും കോണ്‍ഗ്രസുണ്ട്. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുന്ന മഹാശക്തിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവ!ര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവ!ര്‍ത്തിക്കണം. നമ്മുക്കെതിരെ സി പി എമ്മും ബി ജെ പിയും ശക്തമായ പ്രചാരണം നടത്തുകയാണ്. അതിനെയെല്ലാം മറികടന്ന് കോണ്‍ഗ്രസിന്റെ വികസന സന്ദേശം നമുക്ക് കേരളത്തിലെ എല്ലാവീടുകളിലും എത്തിക്കാന്‍ സാധിക്കണം. രാഹുല്‍ ഗാന്ധി നിങ്ങളുടെ പാര്‍ലമെന്റ് അംഗമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഉത്തരവാദിത്തം വ!ര്‍ദ്ധിച്ചിരിക്കുകയാണെന്നും നേതാക്കളെ ഗഹ്‌ലോട്ട് ഓര്‍മ്മിപ്പിച്ചു.