ചാവക്കാട്ട് യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

Person in handcuffs

തൃശൂര്‍: പാലുവായില്‍ കരുമാഞ്ചേരി വീട്ടില്‍ അജിത്ത് കുമാറിന്റെ മകന്‍ അര്‍ജുന്‍ രാജിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കുടി പൊലീസ് പിടിയിലായി. പൊന്നാനി പുളിക്കക്കടവ് കോട്ടോമ്മേല്‍ വീട് സുനില്‍ കുമാറിനെയാണ് (41) തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ. തോമസ്, ചാവക്കാട് ഇന്‍സ്‌പെക്ടര്‍ എസ്. അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായത് അഞ്ച് പേരായി. നേരത്തെ പാവറട്ടി മരുതയൂര്‍ സ്വദേശി കൊച്ചാത്തില്‍ വീട്ടില്‍ വൈശാഖ് രഘു (വൈശു 23), പൊന്നാനി സ്വദേശി പനക്കല്‍ വീട്ടില്‍ ജിതിന്‍ ശിവകുമാര്‍ (അപ്പു 24), മരുതയൂര്‍ സ്വദേശി മത്രംകോട്ട് വീട്ടില്‍ ജിഷ്ണുബാല്‍ ബാലകൃഷ്ണന്‍ (ജിഷ്ണു 25), പാലുവായ് സ്വദേശി കുരിക്കള്‍ വീട്ടില്‍ ശബരിനാഥ് ബാലകൃഷ്ണന്‍ (ശബരി 28) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഇവന്‍ റിമാന്‍ഡിലാണ്.
ജനുവരി 12ന് രാവിലെ ആറിനാണ് സംഘം അര്‍ജുന്‍ രാജിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോയത്. വാര്‍ത്ത ഉടന്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഘം അര്‍ജുന്‍ രാജിനെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇറക്കിവിട്ടു. ഇവിടെ നിന്നും യുവാവ് ഓട്ടോറിക്ഷയില്‍ തിരിച്ച് വീട്ടിലെത്തുകയായിരുന്നു. പ്രതികളിലൊരാളായ ജിഷ്ണുപാലിന്റെ ജ്യേഷ്ഠന്‍ ജിത്തുപാലും അര്‍ജുന്‍ രാജും തമ്മില്‍ രണ്ടു വര്‍ഷമായി തുടരുന്ന ബിസിനസ് തര്‍ക്കങ്ങളുടെയും സാമ്ബത്തിക തര്‍ക്കങ്ങളുടെയും തുടര്‍ച്ചയാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.