അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഗൂഡാലോചന കേസില്‍ എല്ലാ പ്രതികളെയും വെറുതേ വിട്ടു

ലഖ്‌നൗ: അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഗൂഡാലോചന കേസിലെ 32 പ്രതികളെയും കോടതി വെറുതേ വിട്ടു. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ബാബ്‌റി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും ആകസ്മികമായി സംഭവിച്ചതാണെന്നും ഇക്കാര്യത്തില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. 1992 ഡിസംബര്‍ 6 നായിരുന്നു മസ്ജിദ് കര്‍സേവകര്‍ പൊളിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. 2000 പേജുകള്‍ നീണ്ടതായിരുന്നു വിധി. ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ വന്നവരെ തടയാന്‍ വരെ നേതാക്കള്‍ ശ്രമിച്ചെന്നും എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ട് ജനങ്ങള്‍ മുമ്പോട്ട് പോകുകയായിരുന്നു എന്നും വിലയിരുത്തി. ഇക്കാര്യത്തില്‍ സിബിഐ കൊണ്ടുവന്ന ചിത്രങ്ങള്‍ തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്നും പറഞ്ഞു. സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസില്‍ 350 ലധികം സാക്ഷികളെ വിസ്തരിക്കുകയും 600 ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച ഉണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. എന്നാല്‍ കേസില്‍ രാഷ്ട്രീയമായി ഉള്‍പ്പെടുത്തി എന്നാണ് എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നത്.