അഭിമന്യു വധത്തിലെ തീവ്രവാദ ബന്ധം എന്‍.ഐ.എ അന്വേഷിക്കുന്നു

കൊച്ചി : അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവക്കാരാണ് എന്ന നിഗമനത്തില്‍ എത്തി നില്‍ക്കുകയാണ് പോലീസ്. ഈ സംഭവത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം തുടങ്ങിയതോടൊപ്പം ഇവര്‍ക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം ചുമത്താന്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഡി.ജി.പി.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊലയുമായി ബന്ധമുണ്ടെന്നാണ് പോലീസ് അനുമാനം. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ രണ്ട് സംഘടനകള്‍ ഒരുപോലെ ഉള്‍പ്പെട്ടിട്ടുള്ള കേസാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. കേസിലെ തീവ്രവാദ ബന്ധത്തിന്റെ അന്വേഷണച്ചുമതല എന്‍.ഐ.എ കൊച്ചി യൂണിറ്റിനാണ്.

മുഹമ്മദ് എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡി.ജി.പി. ലോകനാഥ് ബഹ്‌റ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തി അറസ്റ്റിലായവരെ നേരിട്ട് ചോദ്യം ചെയ്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരെ കണ്ട് ഡി.ജി.പി കേസിന്റെ നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കേസില്‍ ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.