അസമില്‍ പൗരത്വ ബില്‍ നടപ്പാക്കുമെന്ന് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം; വോട്ടെടുപ്പിനിടെയുള്ള പ്രചാരണം ചട്ടലംഘനമെന്ന് കോണ്‍ഗ്രസ്

ദിസ്പൂര്‍: ഇനിയും അധികാരത്തില്‍വന്നാല്‍ അസമില്‍ പൗരത്വ ബില്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതിരഞ്ഞെടുപ്പു വാഗ്ദാനം. പൗരത്വ ബില്‍ അസമില്‍ നടപ്പാക്കുന്നതിനായി എല്ലാ സമുദായങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും മോദി പറഞ്ഞു.

അസമിലെ സില്‍ച്ചറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അധികാരത്തില്‍വന്നാല്‍ പൗരത്വ ബില്‍ കൊണ്ടുവരുമെന്ന് മോദി വ്യക്തമാക്കിയത്. അസമിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി സംസ്ഥാനത്ത് പ്രചാരണം നടത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആരോപിച്ചു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ ബില്ലിന്റെ ലക്ഷ്യം. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാല്‍ ബില്ലിനെതിരെ അസമില്‍ വലിയ പ്രതിഷേധമാണുണ്ടായത്. സര്‍ക്കാരിന്റെ നീക്കം 1985 അസം ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു