അമിത് ഷാ തര്‍ക്കമറ്റ രണ്ടാമന്‍, എട്ട് സമിതികളില്‍ അംഗം, കൂടുതല്‍ എണ്ണത്തിലെ ആദ്യയാള്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്ര ക്യാബിനറ്റില്‍ രൂപീകരിക്കപ്പെട്ട എട്ട് സമിതികളുടെ അധ്യക്ഷനായി അവരോധിക്കപ്പെട്ടതിലൂടെ രണ്ടാമനെന്ന സ്ഥാനത്തില്‍ തര്‍ക്കമില്ലാത്ത അവസ്ഥയായി. മാത്രമല്ല, ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന കാര്യവും ഉറപ്പായിരിക്കുകയാണ്. എട്ട് സുപ്രധാന സമിതികളിലെ അധ്യക്ഷനാവുക വഴി പ്രധാനമന്ത്രി റിഹേഴ്‌സലിനു കൂടി അവസരം ലഭിച്ചിരിക്കുകയാണ്.

രണ്ട് പുതിയ ക്യാബിനറ്റ് കമ്മിറ്റികള്‍ പ്രധാനമന്ത്രി രൂപീകരിച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും, തൊഴിലിനും നൈപുണ്യ വികസനത്തിനുമാണ്. ഇതിനു പുറമെ അഞ്ചു കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കുകയും ചെയ്തു.

ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ അപ്പോയ്‌മെന്റ്‌സില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാത്രമാണുള്ളത് എന്നതും ശ്രദ്ധേയം. രാജ്യത്തെ സുപ്രധാന തസ്തികകളിലേക്കും മറ്റുമുള്ള നിയമനങ്ങള്‍ മോദിയും ഷായും മാത്രം തീരുമാനിക്കും എന്നര്‍ഥം.

സുരക്ഷാ സംബന്ധമായ അങ്ങേയറ്റം പ്രധാനമായ ക്യാബിനറ്റ് കമ്മിറ്റി മാത്രം നേരത്തെത് പോലെ പ്രധാനമന്ത്രി ആയിരിക്കും അധ്യക്ഷന്‍. അതില്‍ ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ അംഗങ്ങളാണ്.

രാഷ്ട്രിയകാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റി ഉള്‍പ്പെടെയുള്ള മറ്റ് കമ്മിറ്റികളിലും അമിത് ഷായുടെ സാന്നിധ്യമുണ്ട്. പാര്‍ലമെന്ററികാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയില്‍ ഘടകകക്ഷി നേതാവ് രാംവിലാസ് പാസ്വാനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുനസ്സംഘടിപ്പിക്കപ്പെട്ട സാമ്പത്തികകാര്യ സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രി തന്നെയാണ്. അതിലും ഷാ ഉണ്ട്.