ഹിന്ദുക്കള്‍, ജൈനര്‍, സിക്ക്, ബുദ്ധര്‍ തുടങ്ങിയവരെ പുറത്ത് പോകാന്‍ നിർബന്ധിക്കില്ലെന്ന് അമിത് ഷാ

കൊൽക്കത്ത: ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് അമിത് ഷാ. മതിയായ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കുകയുള്ളുവെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) രാജ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും അത് ദേശീയതലത്തിൽ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്സും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻ.ആർ.സി സംബന്ധിച്ച് കടുത്ത ആശങ്ക പരത്തുകയാണ്. ആരെതിർത്താലും എൻ.ആർ.സി നടപ്പാക്കും. നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയും തൂത്തെറിയും. എന്നാൽ അതിന് മുൻപായി ഹിന്ദു, സിഖ്, ബുദ്ധ, ജൈന വിഭാഗക്കാരായ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്ന പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയെടുക്കേണ്ടതുണ്ടെന്നും ഷാ സൂചിപ്പിച്ചു. കൊൽക്കത്തയിൽ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“ഇത്രമാത്രം നുഴഞ്ഞുകയറ്റക്കാരുടെ ബാധ്യത പേറി ഒരു രാജ്യത്തിനും നന്നായി പ്രവർത്തിക്കാനാവില്ല. ഇതവസാനിപ്പിക്കുക തന്നെ ചെയ്യും. ബംഗാളിനെ മാറ്റിത്തീർക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ഹിന്ദു ,സിഖ്, ബുദ്ധ, ജൈന വിഭാഗക്കാരായ ഒരു അഭയാർത്ഥിക്കും ഇന്ത്യ വിട്ടു പോവേണ്ടി വരില്ലെന്ന് ഞാൻ ഉറപ്പു തരുന്നു.” എന്നാണ് അദ്ദേഹം പറഞ്ഞത്.