എയര്‍ഹോസ്റ്റസിനെ മാനഭംഗപ്പെടുത്തി, വിമാനക്കമ്പനി ജീവനക്കാരന്‍ അറസ്റ്റില്‍

മുംബൈ: 25 കാരിയായ എയര്‍ഹോസ്റ്റസിനെ മാനഭംഗപ്പെടുത്തിയ കേസില്‍ അതേ വിമാനക്കമ്പനിയിലെ 23 കാരന്‍ ജീവനക്കാരന്‍ അറസ്റ്റിലായി. ഹൈദരാബാദില്‍ നിന്ന് മുംബയിലെത്തിയ എയര്‍ഹോസ്റ്റസിനെയാണ് ജൂണ്‍ മൂന്നാം തീയതി മാനഭംഗപ്പെടുത്തിയത്.

പോലീസ് പറയുന്നത് ഇങ്ങനെ- യുവാവും എയര്‍ഹോസ്റ്റസും അന്ന് വൈകിട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് ഒരേ കാറില്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മാലഡിലെ ഒരു മാളിനു സമീപം യുവാവ് ഇറങ്ങി. യുവതി കാന്‍ഡിവിലിയിലെ വീട്ടിലേക്കും പോയി. മുന്‍ നിശ്ചയപ്രകാരം വീട്ടില്‍ കൊണ്ട് ലഗ്ഗേജ് വച്ചശേഷം യുവതി മാലാഡില്‍ മടങ്ങിയെത്തി. ഇരുവരും ഒരു ബാറില്‍ കയറി മദ്യപിക്കാന്‍ തീരുമാനിച്ചു. യുവതിയുടെ മൊഴിപ്രകാരം, രാത്രി 1.30 വരെ ഇരുവരും ബാറില്‍ മദ്യപിച്ച് ഇരുന്നു. നന്നായി മദ്യപിച്ചിരുന്നതിനാല്‍ വീട്ടിലേക്ക് പോകണ്ടെന്ന് പറഞ്ഞ് തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി. അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനൊപ്പം താമസിക്കുന്ന രണ്ട് പുരുഷന്മാരും ഒരു വനിതാ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ച് കുഴഞ്ഞ സ്ഥിതിയിലായി തന്നെ യുവാവ് മാനഭംഗപ്പെടുത്തി എന്നാണ് യുവതിയുടെ മൊഴി.

ഇതിനിടെ യുവതിയുടെ അച്ഛനും സുഹൃത്തും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത ദിവസം രാവിലെ 11 മണിയോടെ സുഹൃത്ത് യുവതിയെ അന്ധേരിയിലെ ഒരു ഹോട്ടലില്‍ കണ്ടെത്തി. ദേഹത്തെ മുറിവുകളെപ്പറ്റി അന്വേഷിച്ചപ്പോഴാണ് താന്‍ മാനഭംഗത്തിനിരയായി എന്ന വിവരം വെളിപ്പെടുത്തിയത്. പോലീസ് ഒപ്പമുണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്യുന്നുണ്ട്.