യു.എ.ഇയുടെ സാമ്പത്തിക രംഗത്തിന് നിര്‍മിത ബുദ്ധിയുടെ സംഭാവന 18,200 കോടി ഡോളര്‍

ദുബായ്: യു.എ.ഇയുടെ സാമ്പത്തിക മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന് നിര്‍മിതബുദ്ധി(എ.ഐ). പതിനഞ്ച് വിഭാഗം വ്യവസായങ്ങളെ വിശകലനം ചെയ്ത് ആക്‌സഞ്ചര്‍ തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ എ.ഐ 2035ഓടെ യു.എ.ഇയുടെ സാമ്പത്തിക രംഗത്തിന് 18,200 കോടി ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക സേവനം, ആരോഗ്യപരിപാലനം, ഗതാഗതം, സംഭരണവ്യവസായം എന്നീ മേഖലകളിലാവും എ.ഐയുടെ കാര്യമായ സ്വാധീനം ഉണ്ടാവുക. ജനങ്ങളുടെ ക്രിയാത്മകത വര്‍ധിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണു പ്രധാനമായും നിര്‍മിത ബുദ്ധി ഒരുക്കുക. സാമ്പത്തിക രംഗത്ത് 3,700 കോടി ഡോളറിന്റെയും ആരോഗ്യ രംഗത്ത് 2,200 കോടി ഡോളറിന്റെയും ഗതാഗത രംഗത്ത് 1,900 കോടി ഡോളറിന്റെയും വാര്‍ഷിക മൊത്ത മൂല്യ വര്‍ദ്ധനയാണ് (ജി.വി.എ) പ്രതീക്ഷിക്കുന്നത്.

സൗദി അറേബ്യയിലും നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യാ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്. യു.എ.ഇയുടെ സാമ്പത്തിക രംഗത്ത് നിര്‍മിത ബുദ്ധിയുണ്ടാക്കുന്ന വളര്‍ച്ചാനിരക്ക് സമാനതകളില്ലാത്തതാണെന്ന് ആക്‌സഞ്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് മാനേജിങ് ഡറക്ടര്‍ അമര്‍ അല്‍ സാധി പറഞ്ഞു.