ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് പങ്കെടുത്തയാള്‍ മരിച്ചു

സാവോപോളോ: ബ്രസീലില്‍ ഓക്‌സ്ഫഡ് അസ്ട്രാസെനകയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് പങ്കെടുത്തയാള്‍ മരിച്ചു. ബ്രസീല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിന്‍ പരീക്ഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രസിലീല്‍ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ മരിച്ചയാള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
ക്ലിനിക്കല്‍ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉടലെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ ഓക്‌സ്ഫഡ് പരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ച സന്നദ്ധപ്രവര്‍ത്തകന് കൊവിഡ്19 വാക്‌സിന്‍ ലഭിച്ചിരുന്നെങ്കില്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമായിരുന്നുവെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. മരണപ്പെട്ടയാള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നതിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്.