നിപ വൈറസ്: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു,ഇതോടെ മരണം 14 ആയി

കോഴിക്കോട്:നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന്‍ (26) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എബിന്‍.

ഇതോടെ നിപ ബാധിച്ച മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില് 11 പേര്‍ കോഴിക്കോട്ടും 3 പേര് മലപ്പുറത്തുമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ രണ്ട് പേര്‍ക്ക് നിപാ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്താകെ 13 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.

നിപ്പാ രോഗലക്ഷണങ്ങളോടു കൂടിയ ഒന്‍പത് പേരെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്‍പത് പേരടക്കം പതിനെട്ടു പേര്‍ ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 175 പേര്‍ നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അറിയിപ്പ് ഉണ്ടായിരുന്നു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍ നിന്നായതിനാല്‍ പരിഭ്രാന്തി വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.