82 പേര്‍ക്ക് കൊവിഡ്, 72 പേരും പുറത്തുനിന്നു വന്നവര്‍, 24 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: 82 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. അതില്‍ ഒരാളുടെ വിവരങ്ങള്‍ വ്യക്തമാകുന്നതേയുള്ളു.
24 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് 4, ആലപ്പുഴ 1 എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ, കോഴിക്കോട് 7 വീതം, പാലക്കാട്, കൊല്ലം, എറണാകുളം 5 വീതം, തൃശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍, പത്തനംതിട്ട 2 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ഇന്ന് 4004 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 832 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,60,304 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,58,861 പേര്‍ വീടുകളിലും 1440 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 69,606 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 16,711 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി.