7592 പേര്‍ പൊലീസ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കും

തിരുവനന്തപുരം: 757 വനിതകള്‍ ഉള്‍പ്പെടെ 7592 പേര്‍ പൊലീസ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേര്‍. വിവിധ ജില്ലകളിലായി ശരാശരി 166 വനിതകള്‍ ഉള്‍പ്പെടെ 2364 വളണ്ടിയര്‍മാരാണ് പൊലീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

മാസ്‌ക് ധരിക്കാത്ത 4716 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സൗദി അറേബ്യയില്‍നിന്ന് കൂടുതല്‍ വന്ദേഭാരത് മിഷന്‍ വിമാനസര്‍വീസ് വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശങ്ങളില്‍നിന്ന് നാട്ടിലെത്തുന്ന കുട്ടികളുടെ തുടര്‍പഠനം ടിസി ലഭിക്കാത്തതുമൂലം തടസ്സപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യക്കിറ്റ്

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സപ്ലൈകോ മുഖാന്തിരം സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്. പ്രഥമാദ്ധ്യാപകര്‍ക്കാണ് സ്‌കൂളുകളിലെ കിറ്റ് വിതരണത്തിന്റെ മേല്‍നോട്ട ചുമതല.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്.

സഹകരണ ദിനം

നാളെ അന്താരാഷ്ട്ര സഹകരണ ദിനമാണ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ശക്തിയായി മാറുന്നത് സഹകരണ മേഖലയാണ്. സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ കേരള ബാങ്ക് പിറവി എടുത്തത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം സാഹചര്യത്തിന് അനുസരിച്ച ഉയര്‍ന്ന പ്രവര്‍ത്തനം സഹകരണ മേഖല കാഴ്ചവെച്ചു. രണ്ടായിരം വീടുകളാണ് സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ പുനര്‍ നിര്‍മിച്ചത്.

ഈ കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല വലിയ പിന്തുണയാണ് നല്‍കുന്നത്. പുനരുജ്ജീവന പദ്ധതികളില്‍ സഹകരണ മേഖല ക്രിയാത്മകമായ പങ്കുവഹിക്കും. ‘സുഭിക്ഷ’ പദ്ധതിയുടെ നടത്തിപ്പിലും സഹകരണ മേഖലയുടെ പങ്കാളിത്തം വലുതാണ്.

നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. അതിനെ എല്ലാം മറികടന്നാണ് നമ്മുടെ സഹകരണ മേഖല ശക്തിപ്പെട്ടുവന്നത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

സഹായം

കോവിഡ് 19 മുന്നണി പോരാളികളുടെയും ജീവനോപാധികള്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കള്‍ക്ക് ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ അവരുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുകോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ട്യൂഷന്‍ ഫീസില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവു നല്‍കിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. ഫൗണ്ടേഷനെ അഭിനന്ദിക്കുന്നു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ചിന്തിക്കാവുന്നതാണ്.

ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം എഡ്യുഹെല്‍പ്പ് പദ്ധതി മുഖേന ഇതുവരെ 820 ടിവികള്‍, 170 മൊബൈല്‍ ഫോണുകള്‍, 26 ലാപ്പ്‌ടോപ്പുകള്‍, 56 കേബിള്‍ കണക്ഷനുകള്‍, 42 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവ കൈമാറി. 1123 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിച്ചത്.

ദുരിതാശ്വാസ നിധി

അമേരിക്കന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (എഎല്‍എ) 10 ലക്ഷം രൂപ

കേരള ഈറ്റ കാട്ടുവള്ളിപന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 5 ലക്ഷം രൂപ

ഇന്‍കം ടാക്‌സ് ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ കേരള ഘടകം 3,50,000 രൂപ

സെക്രട്ടറിയേറ്റ് എല്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള 2,38,000 രൂപ

കൊടുങ്ങലൂര്‍, എറിയാട് പരേതനായ കടമ്പോട്ട് സെയ്തു മുഹമ്മദിന്റെയും ഭാര്യ നഫീസയുടെയും സ്മരണാര്‍ത്ഥം കുടുംബം 2,25,000 രൂപ

സിപിഐ എം പാറാല്‍തെരു ബ്രാഞ്ച് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 1,02,408 രൂപ

തൃശൂരിലെ പഴയന്നൂര്‍ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ 1 ലക്ഷം രൂപ

ബ്രണ്ണന്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ 1 ലക്ഷം രൂപ

പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ 50,000 രൂപ

സിപിഐ എം കളിയാംവെള്ളി ബ്രാഞ്ച് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ

തിരുവനന്തപും നെടുമങ്ങാട് ഐടിഡിപി ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 50,000 രൂപ

പൂവച്ചല്‍ പഞ്ചായത്തിലെ ഡോക്ടര്‍ എസ് രാജേന്ദ്രന്റെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് കുടുംബം 30,000 രൂപ കൈമാറി.

സിപിഐ എം കരക്കണ്ടം ബ്രാഞ്ച് 25,110 രൂപ.

പിക്കോസ് പിണറായിയില്‍ 28 വര്‍ഷത്തെ സേവനത്തിനു ശേഷം പിരിഞ്ഞ തൊഴിലാളി പി. പവിത്രന്‍ തനിക്കു തൊഴിലാളികള്‍ നല്‍കിയ സ്വര്‍ണ മോതിരം കൈമാറി.